ജിഎസ്ടി ഘടനയിൽ വമ്പൻ പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രം

കഴിഞ്ഞ ദിവസം സ്വാതന്ത്ര ദിന സന്ദേശത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വലിയൊരു പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം കൊണ്ടു വരുമെന്നും ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങൾ ദീപാവലി സമ്മാനമായി രാജ്യത്തിന് സമർപ്പിക്കുമെന്നുമായിരുന്നു അത്. ഇങ്ങനെ ചെയ്യുന്നത് വഴി നികുതിഭാരം കുറയുമെന്നും സാധാരണക്കാർക്ക് വലിയ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. ജിഎസ്ടിയില്‍ നിലവിലെ സംവിധാനം പുനഃക്രമീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നീക്കം. എന്നാൽ എങ്ങനെയാണ് ഇത് സാധാരണക്കാരെ സ്വാധീനിക്കുകയെന്ന് നോക്കാം.

നിലവിലുള്ള ജി.എസ്.ടി സ്ലാബുകൾ പൊളിച്ചെഴുതാനാണ് കേന്ദ്രത്തിന്റെ നീക്കം. 5%,12%,18%,28% എന്നിങ്ങനെയാണ് ഇപ്പോൾ വരുന്ന നാല് സ്ലാബുകൾ. എന്നാൽ ഇത് വെട്ടിച്ചുരുക്കി 5%,18% എന്നിങ്ങനെ രണ്ടായി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 12%, 28% നികുതി സ്ലാബുകൾ അപ്രത്യക്ഷമാകുമെന്നർത്ഥം. നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങളും 5% സ്ലാബിലേക്ക് മാറിയേക്കും. 28% സ്ലാബിലുള്ള 90% ഇനങ്ങളും 18% സ്ലാബിലേക്കാകും മാറുക. ഇങ്ങനെ കേന്ദ്രം നികുതി കുറക്കുന്നത് വഴി നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധനങ്ങൾക്കു പുറമേ സേവനങ്ങളിലും ഈ മാറ്റം കാണാനാകും. ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ കണക്കാക്കുന്ന 18% നികുതി ഒഴിവാക്കുകയോ അതല്ലെങ്കിൽ 5 ശതമാനമാക്കി കുറയ്ക്കുകയോ ചെയ്യുമെനന്നും പ്രതീക്ഷിക്കുന്നു

അതേ സമയം ഇപ്പോൾ 28 ശതമാനം നികുതി സ്ലാബിലുള്ള ഉത്പന്നങ്ങൾ 40% നികുതിയിലേക്ക് മാറിയേക്കും. പുകയില, സിഗരറ്റ്, കോള അടക്കമുള്ള എയറേറ്റഡ് പാനീയങ്ങൾ, പാൻ മസാല എന്നിവയുടെ നികുതി നിരക്കുകളാണ് മാറുക. ഓൺലൈൻ ഗെയിമിങ്ങിന് 40% നികുതിയും ബാധകമാക്കും.സ്വർണ്ണം , വെള്ളി, ഡയമണ്ട് എന്നിവയുടെ കുറഞ്ഞ പ്രത്യേക നിരക്ക് തുടരാൻ ആണ് സാധ്യത. പെട്രോളിയം ഉല്പന്നങ്ങൾക്കും മദ്യത്തിനും സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്ന ഇപ്പോഴത്തെ രീതി തുടരും.

ലൈഫ് ഇൻഷുറൻസ് പ്രീമിയം, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം എന്നീ സേവനങ്ങൾക്കാണ് പ്രധാനമായും വില കുറയുക. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഗ്ലൂക്കോ മീറ്റർ, ഫ്രൂട്ട് & വെജിറ്റബിൾ ജ്യൂസ്, പ്രീപാക്ക്ഡ് കോക്കനട്ട് വാട്ടർ, ടെലിവിഷൻ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എ.സി, കീടനാശിനികൾ, നോട്ട് ബുക്കുകൾ, പെൻസിലുകൾ, ജ്യോമെട്രി ബോക്സുകൾ, കാർഷിക ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, ജാം & ഫ്രൂട് ജെല്ലി, കോൺടാക്ട് ലെൻസുകൾ, കമ്പോസ്റ്റിങ് മെഷീനുകൾ, ബൈസൈക്കിൾ & ട്രൈസൈക്കിൾ, ഡിഷ് വാഷർ, ഓട്ടോമൊബൈൽ ഘടകങ്ങൾ, സിമന്റ്, ടെക്സ്റ്റൈൽസ്, ഫെർട്ടിലൈസേഴ്സ്, റിന്യൂവബിൾ എനർജി തുടങ്ങിയവക്കാണ് വില കുറയുമെന്ന് പ്രതീക്ഷിക്കുന്നത്.

നടപ്പാക്കാനിരിക്കുന്ന നിരക്ക് പരിഷ്‌കരണം രാജ്യത്ത് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും, അതുവഴി ജിഡിപിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്രം കരുതുന്നത്.