‘ജനനായകൻ’ സിനിമയുമായി ബന്ധപ്പെട്ട പൈറസി വിവാദത്തിൽ കർശന മുന്നറിയിപ്പുമായി നിർമ്മാതാക്കളായ KVN Productions രംഗത്ത്. സിനിമയോ അതിന്റെ ഭാഗങ്ങളോ ഡൗൺലോഡ് ചെയ്യുന്നതും സൂക്ഷിക്കുന്നതും ഫോർവേഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമലംഘനമാണെന്ന് കമ്പനി വ്യക്തമാക്കി.
സിനിമയിലെ രംഗങ്ങൾ, ക്ലിപ്പുകൾ, ചില സാഹചര്യങ്ങളിൽ മുഴുവൻ സിനിമ തന്നെ അനധികൃതമായി പകർത്തി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതായി നിർമാതാക്കൾ അറിയിച്ചു. ഇത് ഗുരുതരമായ ഡിജിറ്റൽ പൈറസി പ്രശ്നമാണെന്നും അവർ ചൂണ്ടിക്കാട്ടി.വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ്, വിവിധ വെബ്സൈറ്റുകൾ, ടോറന്റുകൾ എന്നിവയിലൂടെ ഈ ചോർന്ന ഉള്ളടക്കം ഡൗൺലോഡ് ചെയ്യുകയോ കാണുകയോ സംഭരിക്കുകയോ ഫോർവേഡ് ചെയ്യുകയോ പങ്കിടുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റവും പകർപ്പവകാശ ലംഘനവുമാണെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
ഓരോ ഡിജിറ്റൽ ഇടപാടും കണ്ടെത്താനാകുന്നതാണെന്നും കുറ്റവാളികളെ തിരിച്ചറിയാൻ ഫോറൻസിക് അന്വേഷണം ഉൾപ്പെടെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. പൈറസി പ്രചരിപ്പിക്കുന്ന ശൃംഖലയിലുള്ളവരെ സജീവമായി കണ്ടെത്തുകയാണെന്നും, കുറ്റക്കാർക്കെതിരെ സിവിൽ-ക്രിമിനൽ നിയമനടപടികൾ യാതൊരു ഇളവും കൂടാതെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.ചോർന്ന ഉള്ളടക്കവുമായി യാതൊരു തരത്തിലും സഹകരിക്കരുതെന്ന് പൊതുജനങ്ങൾക്ക് കർശന നിർദേശം നൽകി. ഇത്തരം ഉള്ളടക്കം ലഭിച്ചാൽ തുറക്കുകയോ സൂക്ഷിക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യാതെ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, സംഭവത്തെ അപലപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ Rajinikanth, Kamal Haasan, Chiranjeevi, Suriya, Sivakarthikeyan, Karthi എന്നിവർ രംഗത്തെത്തി. പൈറസിക്കെതിരെ ശക്തമായ നിലപാട് ആവർത്തിച്ച ഇവർ, നടൻ Vijayയുടെ സിനിമയെ ഇത്തരത്തിൽ ബാധിക്കുന്നത് അംഗീകരിക്കാനാകാത്തതാണെന്നും അഭിപ്രായപ്പെട്ടു.

