ചബഹാറിൽ റഷ്യൻ പങ്കാളിത്ത സൂചന; മേഖലയിൽ ശക്തിസമവാക്യം മാറുന്നു

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഇറാനിലെ ചബഹാർ തുറമുഖത്തിലേക്ക് പങ്കാളിത്തത്തിന്റെ സൂചനകളുമായി റഷ്യ രംഗത്തുവന്നു. ചബഹാറിനെ ബാധിക്കുന്ന വിധത്തിൽ യുഎസ് ഉപരോധം വ്യാപിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നെങ്കിലും, ഇന്ത്യയുടെ ആവശ്യത്തെ തുടർന്ന് ഉപരോധം 2026 തുടക്കത്തിലേക്കു വരെ മരവിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചബഹാറിലേക്ക് റഷ്യയും കടന്നുവരുന്നത്. ഇത് യുഎസിനും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയ്ക്ക് വൻ തന്ത്രനേട്ടം

പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിലേക്കും അവിടങ്ങളിലൂടെ യൂറോപ്പിലേക്കും കടന്നുചെല്ലാനുള്ള ഇന്ത്യയുടെ പ്രധാന തന്ത്രായുധമാണ് ചബഹാർ. അതേസമയം, ചബഹാറിന് സമീപത്ത് ചൈനീസ് നിക്ഷേപത്തിലും നിയന്ത്രണത്തിലുമുള്ള പാക്കിസ്ഥാന്റെ ഗ്വാദർ തുറമുഖവും സജ്ജമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചബഹാറിന് റഷ്യയുടെ പിന്തുണ കൂടി ലഭിച്ചാൽ ഇന്ത്യയുടെ നിലപാട് ഏറെ ശക്തമാകും.

ഇറാന്റെ ഹൃദയത്തിലൂടെ റഷ്യൻ ഇടനാഴി

റഷ്യയിൽ നിന്ന് ഇറാനിലേക്കുള്ള നോർത്ത്–സൗത്ത് അന്താരാഷ്ട്ര ചരക്കുനീക്ക ഇടനാഴി (ഐഎൻഎസ്ടിസി) നിലവിലുണ്ട്. ഈ ദീർഘദൂര റെയിൽ–റോഡ് പദ്ധതിയെ ചബഹാറുമായി ബന്ധിപ്പിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. ഇത് നടപ്പായാൽ ചബഹാറിൽ ഇന്ത്യ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കും. ഐഎൻഎസ്ടിസി വഴി ഇന്ത്യയ്ക്ക് മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും കൂടുതൽ എളുപ്പത്തിൽ ചരക്കുനീക്കം നടത്താൻ സാധിക്കും.

അഫ്ഗാനും ആശ്വാസം

അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി അകലം പാലിക്കുന്ന അഫ്ഗാൻ ഭരണകൂടം, ചരക്കുനീക്കത്തിനായി ഇന്ത്യയെയും ഇറാനെയും ആശ്രയിക്കുകയാണ്. അഫ്ഗാനിസ്ഥാനോട് ഭൗഗോളികമായി ഏറെ അടുത്തുള്ള ചബഹാർ തുറമുഖം താലിബാൻ ഭരണകൂടത്തിനും ഗുണകരമായിത്തീരും.

പാക്കിസ്ഥാന്റെ ഒത്താശ എന്ന ഇറാന്റെ ആരോപണം

ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാൻ പാക്കിസ്ഥാനിൽ അമേരിക്ക സൈനിക താവളം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അടുത്തിടെ ഇറാൻ രംഗത്തെത്തിയിരുന്നു. ഈ സാധ്യത ചബഹാറിനും ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖത്തിനും സമീപത്താണെന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്ന ആരോപണവും ഇറാൻ ഉന്നയിച്ചിരുന്നു.വ്യാപാര, വാണിജ്യ, ഊർജ മേഖലകളിൽ ചൈനയുടെ വളരുന്ന സ്വാധീനം നിയന്ത്രിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും, അതിന്റെ ഭാഗമായാണ് സൈനിക താവള നീക്കമെന്നും ഇറാൻ ആരോപിക്കുന്നു. പാക്കിസ്ഥാനിൽ യുഎസ് സൈനിക താവളം സ്ഥാപിക്കപ്പെടുന്നത് ഇറാനുമൊരു തിരിച്ചടിയാകും.

സിസ്താൻ–ബലോചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ

ദക്ഷിണ ഇറാനിലെ സിസ്താൻ–ബലോചിസ്ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ വൻ നിക്ഷേപവും സാങ്കേതിക പിന്തുണയും കൊണ്ടാണ് തുറമുഖ വികസനം നടന്നത്. തുറമുഖ വികസനത്തിന് 120 മില്യൺ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനത്തിനായി 250 മില്യൺ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.2024–25 കാലയളവിൽ ഇന്ത്യ 100 കോടി രൂപയുടെ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. ചബഹാറിൽ നിന്ന് ഇറാന്റെ ഉൾഭാഗങ്ങളിലൂടെയായി 700 കിലോമീറ്റർ നീളമുള്ള റെയിൽപ്പാതയും നിർമാണത്തിലാണ്. ഈ റെയിൽപാതയുമായാണ് റഷ്യ–ഇറാൻ ചരക്കുനീക്ക ഇടനാഴി ബന്ധിപ്പിക്കാൻ നീക്കം നടക്കുന്നത്.
.