കേരള ബാങ്കിന്റെ നിക്ഷേപത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 23,000 കോടി രൂപയുടെ വർധനയുണ്ടായതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. 1,01,194.41 കോടി രൂപയിൽ നിന്ന് 1,24,000 കോടിയായി ഉയർന്ന നിക്ഷേപ വളർച്ചയിലൂടെ ബാങ്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് മന്ത്രി നേട്ടങ്ങൾ വിശദീകരിക്കുകയായിരുന്നു.
വായ്പാ രംഗത്ത് ചരിത്ര നേട്ടം
കേരള ബാങ്ക്, പ്രമുഖ വാണിജ്യബാങ്കുകൾക്ക് തുല്യമായ 50,000 കോടി രൂപ വായ്പാ ബാക്കിനിൽപ് പിന്നിട്ടതായും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ 52,000 കോടി രൂപയാണ് വായ്പാ ബാക്കിനിൽപ്. സ്വർണപ്പണയ വായ്പാ മേഖലയിൽ ലക്ഷ്യമിട്ടതിനെ അപേക്ഷിച്ച് 1,000 കോടിയിലധികം വർധന കൈവരിച്ചതും ബാങ്കിന്റെ സാമ്പത്തിക ശക്തിയുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
കാർഷികമേഖലയ്ക്ക് പ്രോത്സാഹനം
നബാർഡിന്റെ സഹായത്തോടെ കാർഷികമേഖലയെ ഉജ്ജീവിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വായ്പാ പദ്ധതികളിലൂടെ 216 പദ്ധതികൾക്ക് ആകെ 467.04 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. സഹകരണ ബാങ്കിംഗ് മേഖലയിലൂടെ കാർഷിക ഉൽപാദനക്ഷമതയും ഗ്രാമവികസനവും വർധിപ്പിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് ആസ്ഥാനത്ത് അനാഛാദന ചടങ്ങ്
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ അനാഛാദനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർജി എം. ചാക്കോ എന്നിവർ പങ്കെടുത്തു.

