കേരളത്തിൽ 765 സ്കൂളുകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അനധികൃത സ്കൂളുകളെതിരെ ഒരു മാസത്തിനുള്ളിൽ നടപടി എടുക്കുമെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തിന് ഒരു വർഷം പിന്നിടുന്ന ഇടയിലാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (KER)യും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും അനുസരിച്ചുള്ള അനുമതി നേടിയാലേ സ്കൂളുകൾ പ്രവർത്തിക്കാവൂ. എന്നാൽ സിബിഎസ്ഇ, സിഐഎസ്സിഇ ബോർഡുകളുടെ അംഗീകാരം ഉണ്ടെന്ന പേരിൽ അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സംസ്ഥാന സിലബസിന് പുറമേ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് NOC നിർബന്ധമാണെങ്കിലും, ഈ 765 സ്കൂളുകൾക്കും അത് ലഭിച്ചിട്ടില്ല.
രാജ്യത്ത് 19,518 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
രാജ്യത്താകെ 19,518 അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ അനധികൃത സ്കൂളുകൾ ജാർഖണ്ഡ് (5,701), ബിഹാർ (4,159), പ. ബംഗാൾ (3,555), അസം (2,475) എന്നിവിടങ്ങളിലാണ്. കർണാടക (1), ഉത്തരാഖണ്ഡ് (11), മധ്യപ്രദേശ് (12), ഛത്തീസ്ഗഡ് (12) എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്.
അംഗീകാരമില്ലാത്ത ഈ സ്കൂളുകളിൽ ഒരറ്റവും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതല്ലെന്നും 99 ശതമാനവും ട്രസ്റ്റുകൾക്കോ മത സ്ഥാപങ്ങളിലോ പെട്ട അൺഎയ്ഡഡ് സ്ഥാപനങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇവക്കെതിരെ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം അടിവരയിടുന്നു.

