കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്രചെയ്യാൻ ജനതാ ബസുമായി കെഎസ്ആർടിസി. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയിലുള്ള ടിക്കറ്റ് നിരക്കിൽ തൊട്ടടുത്തുള്ള രണ്ട് ജില്ലാ ആസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാണ് ഈ സർവീസുകൾ. അടുത്തയാഴ്ച ആരംഭിക്കും. 175 ലോ ഫ്ലോർ എസി ബസുകളാണ് ഇതിനായി മാറ്റുന്നത്.
നിലവിൽ ബൈപാസ് റൈഡറുകളായി ഓടുന്ന ബസുകളാണ് പരീക്ഷണാർഥം ജനതാ സർവീസിനുവേണ്ടി ഓടുന്നത്. ഇതിന്റെ നിറം മാറ്റിയടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബസുകളുടെ സീറ്റ് പുഷ് ബാക്ക് ആക്കി മാറ്റി ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കാമെന്ന് തീരുമാനിച്ചെങ്കിലും മാറ്റാനായില്ല. ഇലക്ട്രിക് ബസുകളെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ നിന്ന് 450 ഇലക്ട്രിക് ബസുകൾ ലഭിക്കും. കിലോമീറ്ററിന് 39.5 രൂപ വാടകയ്ക്കാണ് കേന്ദ്ര പദ്ധതിയിൽ ബസ് കേരളത്തിന് ലഭിക്കുന്നത്. സ്മാർട്സിറ്റി പദ്ധതിയിൽപ്പെടുത്തി 120 ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം നഗരത്തിലേക്ക് ലഭിക്കും.
