പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാളത്തില്‍ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ മുന്‍നിര നായകതാരങ്ങള്‍ അത്തരം പ്രോജക്റ്റുകളില്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ അതിനൊരു മാറ്റവുമായി യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളി എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസിലാണ് നിവിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാര്‍മ എന്ന് പേരിട്ടിരിക്കുന്ന സിരീസ് സംവിധാനം ചെയ്യുന്നത് ഫൈനല്‍സ് എന്ന ചിത്രമൊരുക്കിയ പി ആര്‍ അരുണ്‍ ആണ്
പ്രമുഖ ബോളിവുഡ് താരം രജിത് കപൂര്‍ ആണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്‍റെ അഗ്നിസാക്ഷിക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍.ചില സര്‍പ്രൈസ് കാസ്റ്റിംഗും സിരീസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.
ഫാര്‍മയുടെ ഭാഗമാവുന്നതില്‍ ഏറെ ആവേശമുണ്ടെന്നും ഉറപ്പായും പറയേണ്ട കഥയായാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നിവിന്‍ പോളി പറയുന്നു.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിരീസ് ആയ കേരള ക്രൈം ഫയല്‍സിന്‍റെ പുറത്തെത്തിയ ആദ്യ സീസണ് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരുന്നത്.

