കമ്പനികൾ കടപ്പത്രങ്ങൾ ഇറക്കി നിക്ഷേപകരെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്,ഡിബെഞ്ചർ അറിയേണ്ടതെല്ലാം?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും പലിശ നിരക്ക് കൂട്ടിയതോടെ വൻകിട, ഇടത്തരം കമ്പനികൾ കടപ്പത്രങ്ങൾ ഇറക്കി അവരുടെ പ്രവർത്തനത്തിന് ധനം സമാഹരിക്കാനുള്ള ശ്രമം വീണ്ടും ഊർജിതമാക്കിയിട്ടുണ്ട്. ഇക്കൊല്ലവും കേരളത്തിലെയടക്കം കമ്പനികൾ നേരിട്ട് വിപണിയിൽ കടപ്പത്രങ്ങൾ ഇറക്കിക്കഴിഞ്ഞു. വേറെയും കമ്പനികൾ മാർച്ച് 23ന് മുൻപേ നിക്ഷേപകരെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്. ബാങ്കുകൾ കൊടുക്കുന്ന വായ്പകൾക്ക് പലിശ നിരക്ക് കൂടുകയും അവയുടെ ലഭ്യതയ്ക്കുള്ള വ്യവസ്ഥകൾ കർശനമാക്കുകയും ചെയ്തതോടെ ഒരു ബദലായിട്ടാണ് കമ്പനികൾ കടപ്പത്ര വിപണിയെ കാണുന്നത്.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ അനുമതിയോടെ നിക്ഷേപകരിൽ നിന്നു ധനസമാഹരണത്തിനായി ഉപയോഗിക്കുന്ന വായ്പാ ഉപകരണങ്ങൾ എന്ന് കടപ്പത്രങ്ങളെ വിശേഷിപ്പിക്കാം. ‘ഡിബെഞ്ചർ’ എന്നും വിളിക്കുന്നു. ദീർഘകാലത്തേയ്ക്കാണ് (18 മാസത്തിലധികം കാലാവധിയുള്ളവ) കടപ്പത്രങ്ങൾ ഇറക്കുക. 

ഇവയുടെ മുഖവില 100 രൂപ, 1000 രൂപ എന്നീ തരത്തിൽ ആവാം. ഇവയ്ക്ക് പലിശ നിരക്കും  ആദ്യമേ പ്രഖ്യാപിക്കുന്നു. പലിശ മാസത്തവണയായോ, ത്രൈമാസത്തവണയായോ മറ്റോ നിക്ഷേപകർക്ക് കൊടുക്കുകയും കടപ്പത്രത്തിന്റെ  കാലാവധി തീരുമ്പോൾ മുതൽ തിരികെ നൽകുകയും ചെയ്യുന്നു. സാധാരണ ബാങ്കുകളിലെ നിക്ഷേപത്തിനേക്കാൾ കടപ്പത്രത്തിന് പലിശ കൂടുതൽ ആണ്.  സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന കടപ്പത്രങ്ങൾക്ക് സ്രോതസ്സിലുള്ള നികുതി ഇല്ല.

സെബി നിയമപ്രകാരം കടപ്പത്രങ്ങൾ വിപണിയിൽ എത്തിക്കുന്ന എല്ലാ കമ്പനികളും ഏതെങ്കിലും ക്രെഡിറ്റ് റേറ്റിങ് ഏജൻസിയുടെ റേറ്റിങ്  നേടിയിരിക്കണം. 100 കോടിയിൽ അധികമാണ് മൊത്തം സമാഹരണമെങ്കിൽ രണ്ട് ഏജൻസികളുടെ റേറ്റിങ് നിർബന്ധം. ഇന്ത്യയിലെ പ്രമുഖ റേറ്റിങ് ഏജൻസികൾ ‘ക്രിസിൽ’, ‘ഇക്ര’, ‘കെയർ’ എന്നിവയാണ്. കടപ്പത്രങ്ങളിൽ നേരിട്ട് നിക്ഷേപിക്കുന്നവർ റേറ്റിങ്ങിനെ കുറിച്ച് മനസ്സിലാക്കിയിരിക്കണം. ട്രിപ്പിൾ എ (AAA)എന്ന ഏറ്റവും ഉയർന്ന റേറ്റിങ്ങിൽ തുടങ്ങി, ഏറ്റവും കുറഞ്ഞത് ട്രിപ്പിൾ ബി (BBB) എന്ന റേറ്റിങ് ആണ് വിപണിയിൽ നിക്ഷേപകർ സ്വീകാര്യമായി കരുതുക 

ഉയർന്ന റേറ്റിങ് (AAA) ഉള്ള കമ്പനികൾ താരതമ്യേന കുറഞ്ഞ പലിശ നിരക്കായിരിക്കും കൊടുക്കുക. റേറ്റിങ് കുറയുന്തോറും പലിശ നിരക്കും കൂടും. റേറ്റിങ് ആ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. പലിശ നിരക്കിന്  മറ്റൊരു പ്രധാന ഘടകം കടപ്പത്രങ്ങളുടെ കാലാവധിയാണ്. . ഇന്നത്തെ പലിശ നിരക്കുകൾ അടിസ്ഥാനപ്പെടുത്തുകയാണെങ്കിൽ മൂന്ന് വർഷത്തേക്കുള്ള കടപ്പത്രത്തിന്  ഒരു AAA കമ്പനി 8.5 ശതമാനം പലിശ നൽകുകയാണെങ്കിൽ, ഒരു BBB റേറ്റിങ്ങുള്ള കമ്പനി 2-3 ശതമാനത്തോളം പലിശ കൂടുതൽ നൽകിയേക്കാം. 

ബാങ്ക് നിക്ഷേപങ്ങൾക്കുള്ളത് പോലെ ഗാരന്റിയോ പരിരക്ഷയോ കടപ്പത്രങ്ങൾക്കില്ല. പക്ഷേ, സെബി നിയന്ത്രണങ്ങൾക്ക് വിധേയമായും റേറ്റിങ്ങുകൾ നേടിയതിനു ശേഷവുമാണ് ഇവ വിപണിയിൽ എത്തുന്നത് എന്നത് കൊണ്ട്, ഇവയുടെ സുരക്ഷ മറ്റുള്ള റേറ്റിങ്ങൊന്നും ഇല്ലാതെ നാട്ടിൽ പരക്കെയുള്ള നിക്ഷേപ സാധ്യതകളേക്കാളും മെച്ചപ്പെട്ടതാണ്. ഇവ ഇറക്കുന്ന കമ്പനികൾക്ക് ഭാവിയിൽ പ്രവർത്തന നഷ്ടം സംഭവിക്കുകയും ബിസിനസിനു കോട്ടം സംഭവിക്കുകയും ചെയ്യുകയാണെങ്കിൽ പണം തിരിച്ചു കിട്ടുക അന്നത്തെ വ്യവസ്ഥകൾക്കനുസൃതമായിരിക്കും 

കടപ്പത്രങ്ങൾ സെക്യൂരിറ്റിയോടു കൂടിയും അല്ലാതെയും ആവാം. സെക്യൂരിറ്റിയോടു കൂടിയുള്ളവയാണെങ്കിൽ നേരത്തെ തന്നെ കമ്പനികൾ എടുത്തിട്ടുള്ള ബാങ്ക് വായ്പയ്ക്ക് ഈടായി കൊടുത്തിട്ടുള്ള കമ്പനിയുടെ സ്ഥാവര ജംഗമ വസ്‌തുവകകളുടെ ഈട്, കടപ്പത്രത്തിൽ നിക്ഷേപിക്കുന്നവർക്കും ലഭിക്കും. പക്ഷേ, പ്രായോഗികമായി ഇവയ്ക്ക് എന്തെങ്കിലും മൂല്യം ഉണ്ടാവുമോ എന്ന കാര്യം കമ്പനിയുടെ ബിസിനസിന് എന്തെങ്കിലും കോട്ടം വരുമ്പോഴേ അറിയാൻ സാധിക്കൂ. ഈ അപകടം (റിസ്‌ക്) കടപ്പത്രത്തിൽ നിക്ഷേപിക്കുന്നവർ മനസ്സിലാക്കണം. കൂടാതെ കൺവർട്ടിബിൾ (ഓഹരിയായി മാറ്റപ്പെടുന്നവ), നോൺ-കോൺവർട്ടിബിൾ (ഓഹരിയായി മാറ്റാൻ സാധിക്കാത്തവ) എന്ന രണ്ടു പ്രധാന വിഭാഗത്തിലും കടപ്പത്രങ്ങൾ ഉണ്ട്. വിപണിയിൽ വരുന്നവ മിക്കവാറും നോൺ കൺവർട്ടിബിൾ ആണ്.