ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി 2018; ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഏഴ് ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ 50 കോടിയാണ് ജൂഡ് ആന്റണി ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസിൽ നിന്ന് 25 കോടി പ്ലസ് ഗ്രോസും ഓവർസീസ് സർക്യൂട്ടിൽ നിന്ന് 3 മില്യൺ പ്ലസ് ഗ്രോസും ആണ് ചിത്രം നേടിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. മികച്ച ഒപ്പണിം​ഗ് വീക്കും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.  നടൻ ആസിഫ് അലി ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

മറ്റ് ഭാഷകളിലെ പ്രദർശനം കളക്ഷനിൽ കാര്യമായ വർധനവ് ഉണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റികളുടെ വിലയിരുത്തൽ.  നിറഞ്ഞ സദസ്സിൽ 2018 പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.