ഐഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്: iOS 26.2 പുറത്തിറങ്ങി; പുതിയ മാറ്റങ്ങൾ ഇവയാണ്

ആപ്പിളിന്റെ മാക്, ഐപാഡ്, ഐഫോൺ തുടങ്ങിയ ഉപകരണങ്ങൾക്കായുള്ള പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇപ്പോൾ ലഭ്യമാണ്. macOS 26.2, iPadOS 26.2, iOS 26.2 എന്നീ പേരുകളിലാണ് പുതിയ പതിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. അപ്‌ഡേറ്റ് പിന്തുണയ്ക്കുന്ന ഉപകരണങ്ങളുള്ളവർക്ക് ഇപ്പോൾ തന്നെ ഇത് ഡൗൺലോഡ് ചെയ്യാം.ഐഫോണുകളുടെ കാര്യത്തിൽ XR, XS സീരീസുകൾക്ക് ഈ അപ്‌ഡേറ്റ് ലഭിക്കില്ല. iPhone 11 സീരീസും അതിനുശേഷം പുറത്തിറങ്ങിയ മോഡലുകളും ഉപയോഗിക്കുന്നവർക്ക് iOS 26.2 ഇൻസ്റ്റാൾ ചെയ്യാം. അതായത്, A13 ബയോണിക് അല്ലെങ്കിൽ അതിനുശേഷമുള്ള പ്രൊസസറുകളുള്ള ഐഫോണുകൾക്കാണ് അപ്‌ഡേറ്റ് ലഭിക്കുക. ഏറ്റവും പുതിയ iPhone 17 സീരീസ് ഉൾപ്പെടെ എല്ലാ മോഡലുകളും പുതിയ ഒഎസ് പിന്തുണയ്ക്കുന്നു.

എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

ഫോണിൽ Settings > General > Software Update എന്ന വഴിയിലൂടെ iOS 26.2 തിരഞ്ഞെടുക്കി അപ്‌ഡേറ്റ് ചെയ്യാം. മാക്, ഐപാഡ് ഉപകരണങ്ങൾക്കും ഇതേ പാതയിലൂടെയാണ് അപ്‌ഡേറ്റ് ലഭിക്കുക.iOS 26.2-ൽ ലഭിക്കുന്ന പ്രധാന മാറ്റങ്ങൾ

ലിക്വിഡ് ഗ്ലാസ് ഡിസൈനിൽ കൂടുതൽ നിയന്ത്രണം

iOS 26-ൽ വലിയ പ്രതീക്ഷകളോടെ അവതരിപ്പിച്ച ലിക്വിഡ് ഗ്ലാസ് ഡിസൈൻ ഉപയോക്താക്കളിൽ നിന്ന് വിമർശനങ്ങളും നേരിട്ടിരുന്നു. ഇതിനെ തുടർന്ന് ട്രാൻസ്പരൻസി നിയന്ത്രിക്കാനുള്ള സംവിധാനം ആപ്പിൾ അവതരിപ്പിച്ചിരുന്നു. iOS 26.2-ൽ ഈ ഡിസൈൻ കൂടുതൽ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. ലോക്ക് സ്ക്രീനിൽ ലിക്വിഡ് ഗ്ലാസ് എങ്ങനെ കാണണം എന്നത് ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ തീരുമാനിക്കാം. ട്രാൻസ്പരൻസിയുടെ തോത് നിയന്ത്രിക്കാൻ സ്ലൈഡറും ലഭ്യമാണ്. എന്നിരുന്നാലും, ഈ ഡിസൈൻ പൂർണ്ണമായി ഒഴിവാക്കാൻ ആപ്പിൾ നിലവിൽ ഉദ്ദേശിക്കുന്നില്ല.

ഓഫ്‌ലൈൻ ലിറിക്‌സ് സൗകര്യം

ആപ്പിൾ മ്യൂസിക് ഉപയോക്താക്കൾക്ക് ഇനി ഡൗൺലോഡ് ചെയ്ത ഗാനങ്ങളുടെ ലിറിക്‌സ് ഇന്റർനെറ്റ് ഇല്ലാതെയും കാണാൻ കഴിയും. മുൻപ് ലിറിക്‌സ് ലഭിക്കാൻ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമായിരുന്നു. ഇനി ഗാനങ്ങൾ ഡൗൺലോഡ് ചെയ്താൽ ഓഫ്‌ലൈൻ മോഡിലും വരികൾ ലഭിക്കും.

പോഡ്കാസ്റ്റ് ആപ്പിൽ പുതിയ ഫീച്ചറുകൾ

പോഡ്കാസ്റ്റ് ആപ്പിൽ മൂന്ന് പ്രധാന പുതുമകൾ അവതരിപ്പിച്ചു. പോഡ്കാസ്റ്റുകളുടെ ചാപ്റ്ററുകൾ ഇനി ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യും. ഇതോടെ നാവിഗേഷൻ കൂടുതൽ എളുപ്പമാകും. ഓരോ ചാപ്റ്ററും ചെറിയ അടയാളങ്ങളിലൂടെ കാണാം.
കൂടാതെ, മറ്റ് പോഡ്കാസ്റ്റുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ട്രാൻസ്ക്രിപ്റ്റിലും പ്ലെയറിലും കാണിക്കും. ഓരോ എപ്പിസോഡിലും പറയുന്ന ലിങ്കുകൾ നേരിട്ട് ലഭ്യമാകും. കേൾക്കുന്ന പോഡ്കാസ്റ്റിൽ മറ്റൊരു പോഡ്കാസ്റ്റിനെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ, അതിലേക്ക് നേരിട്ട് സബ്‌സ്‌ക്രൈബ് ചെയ്യാനും സാധിക്കും.

റിമൈൻഡേഴ്‌സ് ആപ്പിൽ മാറ്റം

iOS 26.2-ൽ റിമൈൻഡേഴ്‌സ് ആപ്പിലെ അലാം സെറ്റ് ചെയ്യുന്ന രീതി പുതുക്കിയിട്ടുണ്ട്. കൂടുതൽ പുതിയ ഓപ്ഷനുകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ലീപ് സ്‌കോർ പ്രദർശനത്തിൽ പുതുമ

iOS 26.2-ലും watchOS 26.2-ലും സ്ലീപ് സ്‌കോർ കാണിക്കുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.

സുരക്ഷാ അലേർട്ടുകൾ കൂടുതൽ ശക്തം

iOS 26.2-ൽ സുരക്ഷാ ഫീച്ചറുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ‘Enhanced’ എന്ന പേരിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആക്ടിവേറ്റ് ചെയ്യാൻ Settings > Notifications > Enhanced എന്ന പാത തിരഞ്ഞെടുക്കണം.

വെബ്കിറ്റ് സുരക്ഷാ പ്രശ്‌നങ്ങൾക്ക് പരിഹാരം

ഏകദേശം 100 കോടി ഐഫോൺ ഉപയോക്താക്കളെ ബാധിച്ചിരുന്ന രണ്ട് വെബ്കിറ്റ് സുരക്ഷാ പ്രശ്‌നങ്ങൾക്ക് iOS 26.2-ൽ പരിഹാരം ഉൾപ്പെടുത്തിയിട്ടുണ്ട്. CVE-2025-43529, CVE-2025-14174 എന്നീ സുരക്ഷാ ദൗർബല്യങ്ങളാണ് ഇതിലൂടെ പരിഹരിച്ചത്. ഇതോടെ ഐഫോണിനെ ലക്ഷ്യമിട്ടുള്ള സാധ്യതയുള്ള ആക്രമണങ്ങൾ തടയാൻ കഴിയും.

മറ്റ് മാറ്റങ്ങൾ

ഗെയിംസ് ആപ്പ് ലൈബ്രറിയിൽ ഇനി ഗെയിമുകളുടെ സൈസ് അനുസരിച്ച് ഫിൽറ്റർ ചെയ്യാൻ സാധിക്കും. നേരത്തെ നെയിം, റീസന്റ് എന്നീ ഓപ്ഷനുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
എയർഡ്രോപ്പിനും പുതിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി. ഇരട്ട വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ മാത്രമേ ഇനി ഫയൽ ട്രാൻസ്ഫർ സാധ്യമാകൂ.