ഐഎംഎഫ് നിബന്ധനകൾക്ക് വഴങ്ങി പാക്കിസ്ഥാൻ; ദേശീയ വിമാനക്കമ്പനി വിൽപ്പനയ്ക്ക്,

ദൈനംദിന ചെലവുകൾക്കായി അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) സഹായം തേടിയ പാക്കിസ്ഥാൻ, അവസാനമായി ഐഎംഎഫ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചു. അവയുടെ ഭാഗമായി ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) സ്വകാര്യവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചു. പിഐഎയുടെ വിൽപ്പനയ്ക്കായുള്ള ടെൻഡർ ഡിസംബർ 23ന് നടത്തുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.

ഐഎംഎഫിൽ നിന്ന് 7 ബില്യൺ ഡോളർ വായ്പ ഉറപ്പാക്കിയ പാക്കിസ്ഥാൻ, ഗഡുക്കൾ ലഭിക്കാൻ നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് നിർദേശം ലഭിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനമായത് പിഐഎയുടെ വിറ്റൊഴിയൽ നടപടിയാണ്.51% മുതൽ 100% വരെ ഓഹരികൾ വിൽക്കുന്നതിനുള്ള പ്രക്രിയയാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്. വായ്പാ കരാറിന്റെ ഭാഗമായി ഒരു ബില്യൺ ഡോളർ മുമ്പ് പാക്കിസ്ഥാനിന് ലഭിച്ചിരുന്നു. അടുത്ത ഗഡുവായ 1.2 ബില്യൺ ഡോളർ അനുവദിക്കാൻ തീരുമാനിക്കുന്ന ഐഎംഎഫിന്റെ യോഗം ഡിസംബർ 8ന് നടക്കാനിരിക്കുന്നു. തുടർഗഡുക്കൾ ലഭിക്കാൻ വിമാനക്കമ്പനിയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ തീരുമാനം എടുക്കണമെന്നാണ് ഐഎംഎഫ് നിർദേശിച്ചത്. ഇതോടെയാണ് ടെൻഡർ പ്രക്രിയ വേഗത്തിലാക്കിയത്.
ടെൻഡർ നടപടികൾ തത്സമയം എല്ലാ മാധ്യമങ്ങൾക്കും പ്രക്ഷേപണം ചെയ്യുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ പാക്കിസ്ഥാൻ ഒരു പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവത്കരിക്കുന്നതിനായി നടത്തുന്ന ആദ്യത്തെ വലിയ നീക്കമാണിത്.