ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ സംവിധാനം; ഉത്തരവിറക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും, ഏപ്രിൽ മാസത്തോടെ അഷ്വേർഡ് പെൻഷൻ നടപ്പാക്കുന്നതിനുള്ള ഉത്തരവിറക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. അതേസമയം, നിലവിലെ എൻപിഎസ് സംവിധാനത്തിൽ തുടരാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിൽ തുടരാനുള്ള അവസരവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം ഉൾപ്പെടുത്തി, വിരമിക്കുന്നതിന് തൊട്ടുമുൻപുള്ള അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പുനൽകുന്നതാണ് അഷ്വേർഡ് പെൻഷൻ സംവിധാനം. ഇതിലൂടെ വിരമിച്ച ശേഷം ജീവനക്കാർക്ക് ഓരോ മാസവും നിശ്ചിത തുക പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നു.ഈ സംവിധാനത്തിൽ ജീവനക്കാരിൽ നിന്ന് പിരിക്കുന്ന തുകയും സർക്കാരിന്റെ പെൻഷൻ വിഹിതവും ഓഹരി വിപണിയിൽ നിക്ഷേപിക്കും. ഓഹരി വിപണിയിൽ ഇടിവുണ്ടായാലും, ജീവനക്കാർക്ക് അവസാന ശമ്പളത്തിലെ അടിസ്ഥാന വേതനത്തിന്റെ പകുതി പെൻഷനായി ഉറപ്പായും ലഭിക്കും. അതേസമയം, വിപണിയിലെ വളർച്ചയെ ആശ്രയിച്ച് പെൻഷൻ തുക ഉയരാനും സാധ്യതയുണ്ടാകും.

കുറഞ്ഞത് 25 വർഷം സേവനമുള്ള ജീവനക്കാർക്കാണ് പൂർണ്ണമായ അഷ്വേർഡ് പെൻഷൻ ലഭിക്കുക എന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.