എൽഇഡി ബൾബ് വിതരണം ചെയ്തതിലൂടെ കെഎസ്ഇബി 38 ലക്ഷം രൂപ ഉപയോക്താക്കളിൽ നിന്നു തട്ടിയെടുത്തെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. വൈദ്യുതിച്ചെലവു കുറയ്ക്കുന്നതിനായി ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 3 ഗഡുക്കളായാണ് 2016ൽ പണം ഇൗടാക്കിയത്. ആകെ 1.41 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്തു. 2016 ജനുവരി മുതൽ ഡിസംബർ വരെ വിതരണം ചെയ്ത ബൾബുകളുടെ വില തെറ്റായി നിശ്ചയിച്ചതിനാൽ ഉപയോക്താക്കളിൽ നിന്നു 38 ലക്ഷം രൂപ അധികമായി കെഎസ്ഇബി ഇൗടാക്കി.
ഉൗർജ സംരക്ഷണ പ്രചാരണ പദ്ധതിക്കായി 7.77 കോടിയും അധിക മാർജിൻ ആയി 1.42 കോടിയും ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കി. പദ്ധതി ലാഭമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലായിരുന്നിട്ടും ജനങ്ങളിൽ നിന്നു പണം ഇൗടാക്കിയത് തെറ്റായ നടപടിയാണെന്നും സിഎജി ചൂണ്ടിക്കാട്ടി. കെഎസ്ഇബിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള കേന്ദ്ര ഉൗർജ മന്ത്രാലയത്തിന്റെ പദ്ധതിയായ ഉജ്വൽ ഡിസ്കോം അഷുറൻസ് യോജന നടപ്പാക്കിയതുകൊണ്ട് കെഎസ്ഇബിക്ക് ഒരു നേട്ടവും ഉണ്ടായില്ല.
നഷ്ടം കുറച്ച് ലാഭത്തിലാക്കുന്നതിനാണ് ഇൗ പദ്ധതി കൊണ്ടുവന്നതെങ്കിലും 2015–16ൽ 696 കോടിയായിരുന്ന നഷ്ടം പദ്ധതി പൂർത്തിയാക്കിയ 2020–21ൽ 1,822 കോടിയായി ഉയർന്നു. കടം 3,753 കോടിയിൽ നിന്ന് 15,716 കോടിയായി. കേന്ദ്രവുമായുള്ള ധാരണാ പത്രത്തിൽ കെഎസ്ഇബിയുടെ കടബാധ്യത അടക്കം മറച്ചു വച്ചതാണ് ഇതിനു മുഖ്യ കാരണം. കടബാധ്യത വെളിപ്പെടുത്തി അത് സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതായിരുന്നു. ഇൗ ബാധ്യത ഒഴിവാക്കുന്നതിനാണ് കടക്കണക്ക് ഒളിപ്പിച്ചത്.
ബിൽ കുടിശികയാകട്ടെ 2,121 കോടിയിൽ നിന്ന് 2,342കോടിയായി. കടബാധ്യത, ഉയർന്ന വൈദ്യുതിച്ചെലവ്, ജീവനക്കാരുടെ ആനുകൂല്യങ്ങൾ എന്നിവയാണ് നഷ്ടം സംഭവിക്കാനുള്ള മുഖ്യ കാരണങ്ങൾ. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ നടപ്പാക്കും മുൻപ് അവയെക്കുറിച്ച് വിശദമായ പഠനം നടത്തിയാലേ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ കഴിയൂ. ഭരണപരമായ ചെലവുകളും വൈദ്യുതി വാങ്ങുന്നതിന്റെ ഭാരവും കുറച്ചാലേ കെഎസ്ഇബിയെ രക്ഷപ്പെടുത്താനാകൂ എന്നും നിയമസഭയിൽ സമർപ്പിച്ച് റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടി.

