എന്താണ് പ്രധാനമന്ത്രി വയ വന്ദന യോജന? മാര്‍ച്ച് 31 വരെ ചേരാം

വിരമിച്ചതിന് ശേഷം സാമ്പത്തിക സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്കും സുരക്ഷിതമായ സ്ഥലത്ത് പണം നിക്ഷേപിച്ച് സ്ഥിരമായി വരുമാനം നേടാന്‍ താല്‍പര്യമുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കുമെന്ന് മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ റിട്ടേണുകളും ലഭിക്കും. മാത്രമല്ല, 10 വര്‍ഷത്തിന് ശേഷം നിങ്ങളുടെ മുഴുവന്‍ നിക്ഷേപവും തിരികെ ലഭിക്കുകയും ചെയ്യും.

മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ സാമൂഹിക സുരക്ഷ – പെന്‍ഷന്‍ സ്‌കീം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നടപ്പാക്കുന്നത്. PMVVY സ്‌കീമിന് കീഴില്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് മറ്റ് പദ്ധതികളേക്കാള്‍ കൂടുതല്‍ നിക്ഷേപത്തിന് പലിശ ലഭിക്കും. അറുപതോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് മാസത്തിലോ വര്‍ഷത്തിലോ ലഭിക്കുന്ന പെന്‍ഷന്‍ പ്ലാന്‍ തിരഞ്ഞെടുക്കാം. ഈ പദ്ധതിയില്‍ പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാണ്.

പ്രധാനമന്ത്രി വയ വന്ദന യോജനയ്ക്ക് കീഴില്‍, പ്രതിമാസ പെന്‍ഷന്‍ പദ്ധതിക്ക് 10 വര്‍ഷത്തേക്ക് 8 ശതമാനമാണ് പലിശ. വാര്‍ഷിക പെന്‍ഷന്‍ തെരഞ്ഞെടുത്താല്‍ 10 വര്‍ഷത്തേക്ക് 8.3 ശതമാനം പലിശ ലഭിക്കും. ഈ സര്‍ക്കാര്‍ പദ്ധതിയില്‍, ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

തെരഞ്ഞെടുത്ത പ്ലാന്‍ അനുസരിച്ച്, നിശ്ചിത തുക നിക്ഷേപിച്ചതിന് ശേഷം 1 വര്‍ഷം, 6 മാസം, 3 മാസം കൂടുമ്പോഴോ അല്ലെങ്കില്‍ ഒരു മാസത്തിന് ശേഷമോ പെന്‍ഷന്റെ ആദ്യ ഗഡു ലഭിക്കും. നിക്ഷേപത്തിന് അനുസരിച്ച് പ്രതിമാസം 1000 മുതല്‍ 9250 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 2023 മാര്‍ച്ച് 31 വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.