സംസ്ഥാനത്ത് എഐ (നിർമിതബുദ്ധി) ക്യാമറകൾ ഉപയോഗിച്ചു കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴയിലെങ്കിലും മേയ് 20 മുതൽ ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ഇളവുകളില്ലാതെ പിഴ ഈടാക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളാണെങ്കിൽ പോലും രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ പിഴ നൽകണം. കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ നിർദേശിച്ചിട്ടുള്ള കാര്യങ്ങളിൽ ഇളവു നൽകാനാകില്ല.
ബെൽറ്റ് ധരിച്ചിട്ടില്ല, വണ്ടിയുടെ നമ്പർ എന്നിവ സോഫ്റ്റ്‍വെയർ സ്വയം തിരിച്ചറിഞ്ഞ് രേഖപ്പെടുത്തിയിരിക്കും. കെൽട്രോൺ നിയോഗിച്ച, പരിശീലനം ലഭിച്ച ജീവനക്കാർ ഇവ പരിശോധിച്ച് ഏറ്റവും കൃത്യതയുള്ളതും അൽപം പോലും സംശയത്തിനിടയില്ലാത്തതുമായ ചിത്രങ്ങൾ മാത്രം ജില്ലകളിലെ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമുകൾക്കു കൈമാറും. മോട്ടർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥൻ നിയമലംഘനം സ്ഥിരീകരിച്ചാലുടൻ നോട്ടിസ് തയാറാക്കി വാഹന ഉടമകൾക്കു നൽകും.
അതോടൊപ്പം വാഹന വിവരശേഖരണത്തിൽ ഇ–ചെല്ലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും ചെയ്യും. നിശ്ചിത സമയ പരിധിക്കുള്ളിൽ പിഴ ഒടുക്കിയില്ലെങ്കിൽ കേസ് വെർച്വൽ കോടതിയിലേക്കു റഫർ ചെയ്യും. കേസ് തീർപ്പാക്കാത്തവർക്ക് ഭാവിയിൽ വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ തടസ്സപ്പെടും.
