എഐ ടൂളുകളുടെ വ്യാപക ഉപയോഗം ചൂണ്ടിക്കാട്ടി വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ ഫിൻടെക് കമ്പനി Block Inc.. ഏകദേശം പതിനായിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരേ സമയം 4,000 പേരെയാണ് പുറത്താക്കിയത്. ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ Jack Dorseyയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.
നിലവിലെ സാങ്കേതിക സാഹചര്യത്തിൽ, പ്രത്യേകിച്ച് എഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ഇത്രയും വലിയ ജീവനക്കാരുടെ എണ്ണം കമ്പനിയുടെ പ്രവർത്തനത്തിനും ഭാവി വളർച്ചയ്ക്കും ആവശ്യമില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. അതിനാലാണ് പെട്ടെന്നുള്ള പുനഃസംഘടനയിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് വിശദീകരണം.പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് 20 ആഴ്ചത്തെ ശമ്പളവും, ജോലി ചെയ്ത വർഷങ്ങളുടെ അടിസ്ഥാനത്തിൽ അധിക നഷ്ടപരിഹാരവും, കൂടാതെ 50,000 ഡോളർ വരെ പ്രത്യേക സഹായത്തുകയും നൽകുമെന്ന് കമ്പനി അറിയിച്ചു. ഒറ്റയടിക്ക് തീരുമാനം പ്രഖ്യാപിച്ചതിലൂടെ ജീവനക്കാർക്ക് വ്യക്തമായ ധാരണ നൽകാനാണ് ശ്രമിച്ചതെന്ന് ജാക്ക് ഡോർസി വ്യക്തമാക്കി.
അതേസമയം, കമ്പനി ലാഭത്തിലിരിക്കെ വൻ പിരിച്ചുവിടൽ ആവശ്യമുണ്ടോയെന്ന ചോദ്യവും ഉയരുന്നു. എഐയെ മറവായി ഉപയോഗിച്ച് മോശം മാനേജ്മെന്റ് തീരുമാനങ്ങൾ മറച്ചുവെക്കുകയാണെന്ന വിമർശനവും ശക്തമാണ്.

