ഉയർന്ന പിഎഫ് പെൻഷൻ; തൊഴിലുടമ വിഹിതം വർധിപ്പിക്കുമ്പോൾ നഷ്ടം തൊഴിലാളിക്ക്

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകുന്നതിന് ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽനിന്ന് 1.16% തുക ഈടാക്കാൻ പാടില്ലെന്ന സുപ്രീം കോടതിവിധി പാലിക്കാനായി, ഈ തുക തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് ഈടാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.

എന്നാൽ, തൊഴിലുടമയുടെ വിഹിതത്തിൽനിന്ന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്കു വരേണ്ടിയിരുന്ന തുകയിൽനിന്നാണ് ഇതു പോകുക എന്നതിനാൽ നഷ്ടം ജീവനക്കാർക്കു തന്നെ. തൊഴിലുടമയ്ക്കോ കേന്ദ്ര സർക്കാരിനോ അധികബാധ്യത വരുന്നില്ല.

15,000 രൂപയുടെ 1.16 ശതമാനമായ 174 രൂപ മാത്രമാണ് ഒരു തൊഴിലാളിയുടെ പേരിൽ കേന്ദ്രസർക്കാർ പെൻഷൻ ഫണ്ടിലേക്കു നൽകുന്നത്. ഉയർന്ന പെൻഷന് അപേക്ഷിക്കുന്നവരുടെ 15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16% കൂടി തൊഴിലുടമയുടെ വിഹിതത്തോടൊപ്പം (8.33%) ചേർത്തുപിടിക്കുമെന്നാണ് മന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഇതോടെ ഉയർന്ന പെൻഷന് അർഹരായവരുടെ തൊഴിലുടമ വിഹിതം പരമാവധി 9.49% വരെയായി ഉയരും. 2014 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്.

15,000 രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന്റെ 1.16% ജീവനക്കാർ പെൻഷൻ ഫണ്ടിലേക്കു നൽകണമെന്ന നിർദേശം സുപ്രീം കോടതി 2022 നവംബർ നാലിന്റെ വിധിയിൽ അംഗീകരിച്ചിരുന്നില്ല. പകരം തൊഴിലുടമ വിഹിതം വർധിപ്പിക്കുന്നതടക്കമുള്ള മാർഗങ്ങൾ നിയമഭേദഗതിയിലൂടെ തീരുമാനിക്കാൻ നിർദേശിച്ചു. കോടതി അനുവദിച്ച കാലാവധി തീരുന്ന ദിവസം അർധരാത്രിയാണ് തൊഴിൽമന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. കോടതിയലക്ഷ്യ നടപടികളുണ്ടായേക്കാമെന്ന നിയമോപദേശമാണ് തിരക്കിട്ട നടപടിക്കു കാരണം എന്നറിയുന്നു.

ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള കാലാവധി ജൂൺ 26 വരെ നീട്ടി. അപേക്ഷയിൽ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അതു പിൻവലിച്ച് പുതിയ അപേക്ഷ നൽകാനും പോർട്ടലിൽ സൗകര്യമേർപ്പെടുത്തി. എന്നാൽ ഈ സൗകര്യം അപേക്ഷയിൽ തൊഴിലുടമ നടപടിയെടുക്കുന്നതിനു മുൻപ് ഉപയോഗിക്കണം. തൊഴിലുടമ കൂടി അംഗീകരിച്ചു നൽകിയ അപേക്ഷയിൽ തിരുത്തൽ ആവശ്യമെങ്കിൽ പിന്നീട് ഇപിഎഫ്ഒ ഒരു മാസം അനുവദിക്കും.