സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ നിന്ന് വൻതോതിൽ ഉപയോക്തൃ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഹാക്കർ ഫോറങ്ങളിൽ പ്രചരിക്കുന്ന ഡാറ്റയിൽ ഉപയോക്താക്കളുടെ പൂർണനാമം, ഇമെയിൽ വിലാസം, ഫോൺ നമ്പർ, ലൊക്കേഷൻ തുടങ്ങിയ അതീവ നിർണായക വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വിവരങ്ങൾ ഡാർക് വെബിലൂടെയാണ് ലഭ്യമായിരിക്കുന്നത്.
മാൽവെയർബൈറ്റ്സിന്റെ ഡാർക് വെബ് നിരീക്ഷണത്തിനിടെയാണ് വൻ ഡാറ്റ ചോർച്ച കണ്ടെത്തിയത്. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ലോഗിൻ വിവര മോഷണം തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
അതേസമയം, ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉപയോക്താക്കൾ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ നിന്നുള്ള സുരക്ഷാ അറിയിപ്പുകളും ഇമെയിലുകളും ശ്രദ്ധാപൂർവം പരിശോധിക്കണമെന്നും സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

