ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ: ചോളം, സോയാബീൻ ഇറക്കുമതിയിൽ തർക്കം ശക്തം

ഇന്ത്യ–യുഎസ് വ്യാപാര കരാറിലേക്ക് നീങ്ങുന്ന ചര്ച്ചകളില് ഏറ്റവും വലിയ തടസ്സമായി കാര്ഷികമേഖല ഉയര്ന്നിട്ടുണ്ടെന്ന് റിപ്പോര്ട്ടുകള്. യുഎസില്നിന്നുള്ള ചോളം, സോയാബീന് ഇറക്കുമതിക്ക് വിപണി തുറക്കാന് ഇന്ത്യ മടിക്കുകയാണ്. കര്ഷകരുടെ ജീവിതോപാധി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ ഈ നിലപാട്.

അതേസമയം, റഷ്യയില്നിന്നുള്ള എണ്ണ വാങ്ങല് ഗണ്യമായി കുറയ്ക്കുന്ന പക്ഷം ഇന്ത്യയുടെ കയറ്റുമതികളിലെ തീരുവയെ 50 ശതമാനത്തില്നിന്ന് 15–16 ശതമാനം വരെ കുറയ്ക്കാന് അമേരിക്ക തയ്യാറാകാമെന്ന സൂചനകളുണ്ട്. നിലവില് ഈ ഉയർന്ന തീരുവ ടെക്സ്റ്റൈല്സ്, സമുദ്രോത്പന്നങ്ങള്, തുകല്, എന്ജിനീയറിംഗ് ഉത്പന്നങ്ങള് തുടങ്ങിയ ലക്ഷക്കണക്കിന് ആളുകള്ക്ക് തൊഴില് നല്കുന്ന വ്യവസായങ്ങളെബാധിച്ച് വരുന്നു.

ചോളം: ജനിതകമാറ്റം, എഥനോള് അനിശ്ചിതത്വം

എഥനോള് ഉത്പാദനത്തില് ഇന്ത്യ ഇപ്പോള് ചോളം ആശ്രയിക്കുന്നത് വര്ദ്ധിച്ചിരിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ധാന്യങ്ങളില്നിന്ന് എഥനോള് നിര്മ്മിക്കാന് അനുവദിക്കുന്നില്ല എന്നതും, യുഎസിലെ ഭൂരിഭാഗം ചോളം ജനിതകമാറ്റം വരുത്തിയതാകുന്നതും ഇന്ത്യയുടെ പ്രധാന വാദങ്ങളാണ്.

യുഎസ് നിലപാട്:
ചോളം ഇറക്കുമതി ചെയ്താല് അത് ഗ്യാസലിനിനൊപ്പം കലര്ത്തുന്ന എഥനോള് നിര്മാണത്തിനായി മാത്രം ഉപയോഗിക്കും; കാര്ഷിക വിപണിയെ അത് ബാധിക്കില്ല.
എന്നാല് എഥനോള് നിര്മ്മാതാക്കള് പറയുന്നു:
ഉത്പാദനം ഇപ്പോള് ആവശ്യത്തെക്കാള് കൂടുതലാണ് — ഇറക്കുമതി ചെയ്താല് വിതരണ ശൃംഖല താറുമാറാകും.
കൂടാതെ, ബിഹാര് പോലുള്ള ചോളം ഉല്പ്പാദന സംസ്ഥാനങ്ങളില് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കേന്ദ്രത്തിന് രാഷ്ട്രീയ ആശങ്കയാകുന്നു.

സോയാബീന്: അമേരിക്കന് സമ്മര്ദ്ദത്തിനെതിരെ കര്ശന നിലപാട്

ചൈന ഇറക്കുമതി കുറച്ചതോടെ യുഎസില് സോയാബീന് സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി സമ്പത്തുള്ള രാജ്യം എന്നതിനാല് കന്നുകാലി തീറ്റയ്ക്കായി സോയാമീല് ഇറക്കുമതി ചെയ്യാന് ട്രംപ് ഭരണകൂടം സമ്മര്ദ്ദം ചെലുത്തുന്നു.

എന്നാല് ഇന്ത്യയിലെ ഉത്പാദകരുടെ വാദം:

ദേശീയ ആവശ്യത്തിന് മതിയാകുന്ന സോയാമീല് സ്റ്റോക്ക് നാട്ടിലുണ്ട്; ഇറക്കുമതി ചെയ്താല് ചെറുകിട കര്ഷകര്ക്ക് വന് തിരിച്ചടി.അതുകൊണ്ടാണ് യുഎസ് ധാന്യങ്ങളും പാലുത്പന്നങ്ങളും ഉള്പ്പെടെയുള്ള വിപണി തുറക്കല് ഇന്ത്യ ശക്തമായി എതിര്ക്കുന്നത്.ചിലയിനം ചോളം, സോയാമീല് എന്നിവയുടെ ഇറക്കുമതി പരിഗണനയിലുണ്ടെന്ന സൂചനകള് മാത്രമുണ്ട് — അതും കര്ശന നിയന്ത്രണത്തോടെയേ.

ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി

യുഎസിനെ തൃപ്തിപ്പെടുത്തുന്ന വ്യാപാര കരാര് ഉറപ്പാക്കുകയും കര്ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുകയും ചെയ്യുക — ഈ രണ്ടിനുമിടയില് വിജയകരമായ സന്തുലനം കണ്ടെത്തുകയാണ് മോദി സര്ക്കാരിന് മുന്നിലുള്ള കടുത്ത പരീക്ഷണം.