ഇന്ത്യയിലെ എഐ മേഖലയിലേക്ക് 1.58 ലക്ഷം കോടി രൂപ (17.5 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പ്രഖ്യാപിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ ഈ നിക്ഷേപം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനുമുമ്പ് കമ്പനി 26,955 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സത്യ നാദെല്ല സമൂഹമാധ്യമത്തിലൂടെ പുതിയ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ എഐ ഭാവി ശക്തിപ്പെടുത്തുന്നതിനായാണ് ഈ നിക്ഷേപമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യയുടെ എഐ മേഖലയിലേക്കുള്ള മൂന്നാമത്തെ വലിയ നിക്ഷേപ വാഗ്ദാനമായാണ് ഇതിനെ വിലയിരുത്തുന്നത്.
