ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ

യൂബർ, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരിൽ നിന്ന് ഉയർന്ന കമ്മിഷൻ ഈടാക്കുന്നതും കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതുമെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.ഡൽഹി എൻസിആർ, ഗുജറാത്ത് എന്നിവിടങ്ങളിലെ ഡ്രൈവർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നിർണായക പ്രഖ്യാപനങ്ങളാണ് നടത്തിയത്. കുറഞ്ഞത് 500 രൂപ നിക്ഷേപിക്കുന്ന ടാക്സി, ഓട്ടോ ഡ്രൈവർമാർക്ക് ഭാരത് ടാക്സിയിൽ സഹഉടമസ്ഥാവകാശം ലഭിക്കുമെന്നും മൂന്നു വർഷത്തിന് ശേഷം മികച്ച ലാഭവിഹിതം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് പ്രത്യേകത?

സ്വകാര്യ ആപ്പുകൾ ഡ്രൈവർമാരിൽ നിന്ന് 25–30% വരെ കമ്മിഷൻ ഈടാക്കുന്നുവെന്നാണ് ആരോപണം.

ഭാരത് ടാക്സി മോഡലിൽ ഡ്രൈവർമാർക്ക് മിനിമം പ്രതിഫലം ഉറപ്പാക്കും.

കൂടുതൽ കിലോമീറ്റർ ഓടിയാൽ അതനുസരിച്ചുള്ള വരുമാനവും ലഭിക്കും.

കമ്പനിയുടെ ലാഭത്തിൽ നിന്ന് 80% വരെ ഡ്രൈവർമാർക്കായി വിതരണം ചെയ്യുമെന്ന വാഗ്ദാനം.

500 രൂപ നിക്ഷേപ മോഡൽ എങ്ങനെ?

മന്ത്രി വിശദീകരിച്ച മാതൃക പ്രകാരം:

ഓരോ ഡ്രൈവർയും കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം.

മൂന്ന് വർഷത്തിന് ശേഷം കമ്പനി 25 കോടി രൂപ വരുമാനം നേടി എന്ന് കരുതുക.

ഇതിൽ 20% (5 കോടി രൂപ) കമ്പനി അക്കൗണ്ടിൽ നിക്ഷേപമായി നിലനിർത്തും.

ശേഷിക്കുന്ന 80% (20 കോടി രൂപ) ഡ്രൈവർമാർക്ക് അവരുടെ നിക്ഷേപവും ഓടിയ കിലോമീറ്ററുകളും അടിസ്ഥാനമാക്കി വിതരണം ചെയ്യും.

ലക്ഷ്യം എന്ത്?

കഷ്ടപ്പെടുന്ന ഡ്രൈവർമാർക്ക് ന്യായമായ പ്രതിഫലം ലഭിക്കണമെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. കമ്പനിയുടെ ലാഭം വലിയ നിക്ഷേപകർക്ക് മാത്രം ലഭിക്കാതെ ഡ്രൈവർമാരുമായി പങ്കിടുന്ന സഹകരണ മാതൃകയാണ് ഭാരത് ടാക്സിയിലൂടെ ഉദ്ദേശിക്കുന്നത്.ഡ്രൈവർമാരെ പങ്കാളികളാക്കുന്ന ഈ പുതിയ മോഡൽ നിലവിലെ ആപ്പ് അടിസ്ഥാനമാക്കിയുള്ള ടാക്സി വിപണിയിൽ എത്രത്തോളം മാറ്റം സൃഷ്ടിക്കുമെന്നത് അടുത്ത വർഷങ്ങളിലാകും വ്യക്തമായത്.