അത്യാവശ്യ ഘട്ടങ്ങളില്‍ പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗം സ്വര്‍ണ വായ്പകൾ? വിലയിരുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍

സാമ്പത്തികമായി നട്ടംതിരിയാതിരിക്കാന്‍ വരുമാനത്തിനൊത്ത് ചെലവ് ചുരുക്കി ജീവിച്ചാല്‍ മാത്രം മതിയാകില്ല, യഥാസമയം സ്വീകരിച്ച ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യം ഉപയോഗിക്കാനായുള്ള എമര്‍ജന്‍സി ഫണ്ടും കൂടി സ്വരൂപിക്കേണ്ടത് അനിവാര്യതയാണ്.

അതേസമയം സമ്പാദ്യവും നിക്ഷേപവുമൊക്കെ കൈവശമുണ്ടെങ്കില്‍ പോലും ചില ജീവിത സാഹചര്യങ്ങളില്‍ അത്യാവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിനായി വായ്പ തേടേണ്ടിയും വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുതരം വായ്പകളേക്കാള്‍ സ്വര്‍ണം പണയം വെയ്ക്കുന്നതാകും ഉചിതമായ മാര്‍ഗം. ഇന്ത്യയിലെ മിക്ക വീടുകളിലും ഏതെങ്കിലും രൂപത്തിലുള്ള സ്വര്‍ണം കൈവശമുണ്ടാകും. അതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ പണം കണ്ടെത്തുന്നതിനായി സ്വര്‍ണ വായ്പകളെ ആശ്രയിക്കാവുന്നതാണ്.

അതുപോലെ, വളരെ വേഗത്തില്‍ വായ്പ തരപ്പെടുത്താന്‍ ഉപകരിക്കുന്ന പണയവസ്തു കൂടിയാകുന്നു സ്വര്‍ണം. പകുതി ദിവസം പോലും സമയമെടുക്കാതെ ഒരു വായ്പ തരപ്പെടുത്തുന്നതിന് കൈവശമുള്ള സ്വര്‍ണ്ണം ഉപയോഗിക്കാനാകും. ബാങ്കിന്റെ ഭാഷ്യം അനുസരിച്ച് വ്യക്തിഗത വായ്പ പോലെയുള്ളവയേക്കാള്‍ ‘സുരക്ഷിത’മാണ് സ്വര്‍ണത്തിന്മേലുള്ള വായ്പകള്‍. അതിനാല്‍ മറ്റുള്ള ബാങ്ക് വായ്പകളെ അപേക്ഷിച്ച് ഗോള്‍ഡ് ലോണുകള്‍ക്കുള്ള പലിശയും താരതമ്യേന കുറവായിരിക്കും

  • പരുശുദ്ധിയുള്ള സ്വര്‍ണവും ആവശ്യമായ രേഖകളും കൈവശമുണ്ടെങ്കില്‍ പൊതുവേ 30 മിനിറ്റകം തന്നെ മിക്ക ധനകാര്യ സ്ഥാപനങ്ങളും പണം അനുവദിക്കുന്നു.
  • ലളിതമായ യോഗ്യത മാനദണ്ഡങ്ങള്‍ മാത്രമേയുള്ളൂ. അപേക്ഷകന്റെ വരുമാനത്തേക്കാള്‍ പ്രധാനമായി സ്വര്‍ണത്തിന്റെ മൂല്യമാണ് അനുവദിക്കേണ്ട വായ്പാ തുക നിര്‍ണിയിക്കുന്നത്.
  • അന്തര്‍ലീന മൂല്യത്തിന്റെ ആനുപാതികമായി ലഭിക്കാവുന്ന ഉയര്‍ന്ന വായ്പ. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം സ്വര്‍ണത്തിന്റെ വിപണി വിലയുടെ 75% വരെ വായ്പയായി ലഭിക്കും.
  • താരതമ്യേന താഴ്ന്ന പലിശ നിരക്കുകള്‍.
  • വായ്പ തിരിച്ചടവും ലളിതമാണ്