അതിസമ്പന്നരുടെ ‘ഫാമിലി ഓഫീസുകൾ ’ ഇനി സെബിയുടെ നിരീക്ഷണത്തിൽ: പുതിയ നിയന്ത്രണങ്ങൾക്ക് നീക്കം

രാജ്യത്തെ ശതകോടീശ്വര കുടുംബങ്ങളുടെ ഫാമിലി ഓഫീസുകള് വിപണിയില് ഒരു നിർണ്ണായക ശക്തിയായി വളരുന്നതിനിടെ, സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവയെ നിരീക്ഷണത്തിന് കീഴിലെടുക്കാൻ നീക്കം തുടങ്ങി. ഓഹരി വിപണിയില് അതിശക്തമായ സ്വാധീനം ചെലുത്തുന്ന ഇവയെ നിയന്ത്രിക്കുന്നതിനുള്ള ചര്ച്ചകള് സെബി ആരംഭിച്ചിട്ടുണ്ടെന്ന് സൂചന.

ഫാമിലി ഓഫീസ് എന്ത്?
അതിസമ്പന്നരായ വ്യക്തി അല്ലെങ്കിൽ കുടുംബത്തിന്റെ സ്വകാര്യ സ്വത്തുക്കളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സ്വകാര്യ സ്ഥാപനവും ഉപദേശക സംവിധാനവുമാണ് ഫാമിലി ഓഫീസ്. ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനത്തെ നിയന്ത്രിക്കുന്ന സിഇഒ, സിഎഫ്ഒ, നിയമോപദേഷ്ടാക്കളുടെ കൂട്ടം പോലെ, ഈ ഓഫിസുകൾ ആ കുടുംബത്തിന്റെ സമ്പത്ത്, നിക്ഷേപങ്ങൾ, ധനകാര്യ തീരുമാനങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നു.

വെളിപ്പെടുത്തലുകള് നിർബന്ധമാക്കൽ
പുതിയ ചട്ടങ്ങള് പ്രാബല്യത്തില് വന്നാൽ, ഫാമിലി ഓഫീസുകള് തങ്ങളുടെ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്, ആസ്തികള്, നിക്ഷേപം എന്നിവ വെളിപ്പെടുത്തേണ്ടിവരും. സെബി ലക്ഷ്യമിടുന്നത് വിപണിയില് നടക്കുന്ന നിക്ഷേപങ്ങളുടെ സ്വഭാവത്തെയും അതുണ്ടാക്കാന് സാധ്യതയുള്ള അപകടസാധ്യതകളെയും സംബന്ധിച്ച വിസ്തൃതമായ വ്യക്തത ആണ്.ഇതിന് മുൻപ്, സെബി രാജ്യത്തെ വലിയ ചില ഫാമിലി ഓഫീസുകളുമായി കൂടിക്കാഴ്ചകൾ നടത്തുകയും, മറ്റ് സ്ഥാപനങ്ങളിൽ നിന്ന് രേഖാമൂലമുള്ള നിർദ്ദേശങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഇതുവരെ ഫാമിലി ഓഫീസുകൾക്ക് പ്രത്യേക നിയമങ്ങൾ ഒന്നുമില്ല. പുതിയ ചട്ടങ്ങളുടെ അന്തിമ രൂപവും പ്രാബല്യത്തിൽ വരാനുള്ള സമയവും സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

വിപണിയിലേക്കുള്ള സ്വാധീനം
അതിസമ്പന്ന കുടുംബങ്ങൾ ഇന്ന് ഓഹരി വിപണിയിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. അവരുടെ വലിയ നിക്ഷേപങ്ങൾ വിപണിയെ തകിടംമറിക്കാൻ ഇടയുണ്ട്. രണ്ട് പതിറ്റാണ്ട് മുൻപ് വിരലിലെണ്ണാവുന്നവ മാത്രമായ ഫാമിലി ഓഫീസുകൾ, ഇപ്പോൾ സ്റ്റാർട്ടപ്പുകൾ, സ്വകാര്യ ഇക്വിറ്റി, ഐ.പി.ഒ എന്നിവയിലേക്ക് പ്രധാന നിക്ഷേപകരായി മാറി.

പല ഫാമിലി ഓഫിസുകൾ ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾ (AIF), ഷാഡോ ലെൻഡർമാർ തുടങ്ങിയ നിയന്ത്രിത സ്ഥാപനങ്ങൾ വഴിയുള്ള നിക്ഷേപങ്ങൾ നടത്തുന്നു. പ്രൈം ഡാറ്റാബേസിന്റെ കണക്കുകൾ പ്രകാരം:
• വിപ്രോയുടെ ബില്യണയർ അസിം പ്രേംജിയുടെ പ്രേംജി ഇൻവെസ്റ്റ്
• ബജാജ് ഓട്ടോമൊബൈൽ രാജവംശത്തിന്റെ ബജാജ് ഹോൾഡിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്
• ടെക് ബില്യണറ്മാരായ ശിവ് നാടാർ, നാരായണ മൂർത്തി എന്നിവരുടെ സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങൾ
ഈ ഫാമിലി ഓഫീസുകൾ പല ഐ.പി.ഒ-കളിലും ആങ്കർ നിക്ഷേപകരായി പ്രവർത്തിക്കുന്നു.