ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ സർക്കാർ വകയിരുത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഈ തുക, എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി വർധിപ്പിച്ചെടുത്തതിന്റെ തുടർച്ചയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

സ്ത്രീ സുരക്ഷ പെൻഷനായി മാത്രം 3,820 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം പേർ വിവിധ ക്ഷേമ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാണെന്നും, ഒരു കോടി പേരിലേക്കാണ് സർക്കാർ സഹായം നേരിട്ട് എത്തുന്നതെന്നും ധനമന്ത്രി അറിയിച്ചു.അതേസമയം, കേരളത്തിൽ ദേശീയ പാത യാഥാർത്ഥ്യമാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടാണെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. ദേശീയ പാത നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ കടബാധ്യത താങ്ങാവുന്ന പരിധിക്കുള്ളിലാണെന്നും ധനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ വലിയ അവഗണനകൾക്കിടയിലും കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തിന് ഗുണകരമായ പുരോഗതി കൈവരിക്കാൻ സാധിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അതിഗുരുതരമായ അവഗണനക്കെതിരായ പ്രതിഷേധം ബജറ്റിലൂടെ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ സാമ്പത്തികമായി കുരുക്കിയെന്നും, നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും വായ്പാ പരിധി കുറയ്ക്കുകയും ചെയ്തുവെന്നും ധനമന്ത്രി വിമർശിച്ചു. എന്നിരുന്നാലും, തനത് നികുതി വരുമാനം വർധിപ്പിച്ചതിലൂടെ സംസ്ഥാനം പ്രതിസന്ധിയെ അതിജീവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2023-24ൽ 12.60 ശതമാനമായിരുന്ന പൊതുകടം 2024-25ൽ 15.68 ശതമാനമായി ഉയർന്നു. അതേസമയം, പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലുള്ള അനുപാതം മുൻവർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ശതമാനമായി വർധിച്ചതായും ബജറ്റിൽ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ തുടർച്ചയായ അവഗണനയുണ്ടായിട്ടും സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങളിൽ യാതൊരു പിന്നാക്കവും ഉണ്ടായിട്ടില്ലെന്നും, ന്യായീകരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം കേരളത്തിന്റെ അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത താങ്ങാവുന്ന പരിധിക്കുള്ളിലാണെന്നും അദ്ദേഹം ആവർത്തിച്ചു.ഈ സർക്കാർ രണ്ടാം ഭരണകാലാവധി പൂർത്തിയാക്കുമ്പോഴേക്ക്, കഴിഞ്ഞ പത്ത് വർഷത്തിനിടെ 54,000 കോടി രൂപ ക്ഷേമ പെൻഷനുകളായി ജനങ്ങളിലേക്ക് എത്തിച്ചുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.