ഹ്യുണ്ടായ് അവതരിപ്പിച്ചു വെന്യു എൻ ലൈൻ: പെർഫോമൻസിനും സ്റ്റൈലിനും പുതിയ മുഖം

ഹ്യുണ്ടായ് അവരുടെ ജനപ്രിയ എസ്യുവിയായ വെന്യുയുടെ പെർഫോമൻസ് പതിപ്പ് — വെന്യു എൻ ലൈൻ — വിപണിയിൽ അവതരിപ്പിച്ചു. നവംബർ 4ന് ഔദ്യോഗിക ലോഞ്ച് നടക്കാനിരിക്കെ, കമ്പനിയും ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ മോഡൽ, നിലവിലെ വെന്യുവിന്റെ അടിസ്ഥാനത്തിൽ രൂപകൽപന ചെയ്തതായിരിക്കുമ്പോഴും, ഡിസൈൻ മുതൽ ഡ്രൈവിംഗ് അനുഭവം വരെ എല്ലായിടത്തും ‘എൻ ലൈൻ’ സ്വഭാവം പ്രകടമാണ്.

പെർഫോമൻസിൽ മുൻപന്തിയിൽ

വെന്യു എൻ ലൈൻ 120 ബി.എച്ച്.പി കരുത്തും 172 എൻ.എം ടോർക്കുമുള്ള 1 ലിറ്റർ ടർബോ പെട്രോൾ എൻജിനോടെയാണ് എത്തുന്നത്. ഈ മോഡലിന് ആറു സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ഉണ്ട്. എൻ 6, എൻ 10 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുക. നോർമൽ, മഡ്, സാൻഡ്, സ്നോ എന്നിങ്ങനെ വ്യത്യസ്ത ട്രാക്ഷൻ മോഡുകൾ ഡ്രൈവിംഗിനെ കൂടുതൽ ആത്മവിശ്വാസപൂർണ്ണമാക്കുന്നു.

ബാഹ്യ രൂപകൽപനയിൽ സ്പോർട്ടി ടച്ചുകൾ

സാധാരണ വെന്യുവിനെ അപേക്ഷിച്ച് എൻ ലൈൻ പതിപ്പിൽ ഏറ്റവും വലിയ മാറ്റം എക്സ്റ്റീരിയർ ഡിസൈനിലാണ്. ഗ്രില്ലിൽ വൈ-സ്ലാറ്റ് ഡിസൈൻ, എൻ ലൈൻ ബാഡ്ജിങ്, റെഡ് ആക്സെന്റുകൾ, ഡ്യുവൽ റിഡ്ജ് റൂഫ് സ്പോയിലർ തുടങ്ങിയവ വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു. മുൻ-പിന് ബംബറുകളിൽ റെഡ് ആക്സെന്റുകളോടുകൂടിയ സ്പോർട്ടി ഫിനിഷും 17 ഇഞ്ച് പുതിയ അലോയ് വീലുകളും എൻ ലൈൻ പതിപ്പിന്റെ പ്രത്യേകതയാണ്.

ഇന്റീരിയറിന്റെ ആഡംബരവും ആകർഷണവും

വാഹനത്തിന്റെ അകത്തളങ്ങളിൽ പൂർണമായും കറുപ്പ് തീമിനോടൊപ്പം റെഡ് സ്റ്റിച്ചിങ്ങും ആക്സെന്റുകളും നൽകിയിരിക്കുന്നു. Ioniq 5 മോഡലിൽ നിന്നുള്ള പ്രചോദനമുള്ള സ്പോർട്ടി സ്റ്റിയറിംഗ് വീൽ, റെഡ് ഇൻസേർട്ടുകളുള്ള ഗിയർ ലിവർ, മെറ്റൽ പെഡലുകൾ, എൻ ലൈൻ ബാഡ്ജിങ്ങുള്ള ബ്ലാക് ലെതറേറ്റ് സീറ്റുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ് ആംബിയന്റ് ലൈറ്റിംഗ് കാബിനിന് കൂടുതൽ പ്രീമിയം ഭാവം നൽകുന്നു.

സാങ്കേതികവിദ്യയും സവിശേഷതകളും

വെന്യു എൻ ലൈൻ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഫീച്ചറുകളുമായി എത്തുന്നു — ഡ്യുവൽ 12.3 ഇഞ്ച് സ്ക്രീൻ സെറ്റ്അപ്പ്, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓവർ-ദി-എയർ അപ്ഡേറ്റുകൾ, ലെവൽ 2 എഡിഎഎസ് സുരക്ഷാ സിസ്റ്റം, വെന്റിലേറ്റഡ് മുൻസീറ്റുകൾ, എട്ട് സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ തുടങ്ങിയവ.ഇന്ത്യൻ ഓട്ടോമൊബൈൽ മാർക്കറ്റിൽ പെർഫോമൻസ് എസ്യുവികൾക്ക് വേഗത്തിൽ ഉയർന്നുവരുന്ന ഡിമാൻഡിനോട് അനുയോജ്യമായ രീതിയിലാണ് ഹ്യുണ്ടായ് വെന്യു എൻ ലൈൻ ഇറക്കുന്നത്. യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആകർഷകമായ ഡിസൈൻ, ഡ്രൈവിംഗ് ഡൈനാമിക്സ്, പ്രീമിയം ഫീച്ചറുകൾ എന്നിവയുടെ കൂട്ടായ്മയാണിത്.