സ്വർണം പണയം വെച്ചവരുടെ ശ്രദ്ധയ്ക്ക്! റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ

സ്വർണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകൾ പുതുക്കി റിസർവ് ബാങ്ക്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും, സുതാര്യത വർധിപ്പിക്കാനും, വായ്പ തിരിച്ചടവിൽ അച്ചടക്കം പാലിക്കാനുമാണ് പുതുക്കൽ ലക്ഷ്യമിട്ടിരിക്കുന്നത്.

പുതുക്കൽ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാകും:
• ഒന്നാം ഘട്ടം: ഒക്ടോബർ 1, 2025-ന് നിലവിൽ വന്നു
• രണ്ടാം ഘട്ടം: 2026 ഏപ്രിൽ 1 മുതൽ

പ്രധാന മാറ്റം: പണയ വായ്പയിൽ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം 2026 ഏപ്രിൽ മുതൽ അവസാനിപ്പിക്കും. വായ്പ തിരിച്ചടവിൽ കർശനമായ അച്ചടക്കം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥ കൂടി കർശനമായി പരിഷ്കരിച്ചിരിക്കുന്നു:
• വായ്പ മൂലധനവും പലിശയും സഹിതം 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം
• വായ്പ അടച്ചുതീരുന്നപോഴേക്ക് പണയ സ്വർണം ഉടനെ തിരികെ നൽകണം
• തിരിച്ചടവിൽ വൈകിയാൽ പിഴ ഈടാക്കും
വായ്പാ കരാർ, മൂല്യനിർണ്ണയം, ലേല നടപടികൾ എന്നിവ ഉപഭോക്താക്കൾക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയിൽ നൽകണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

വായ്പ പരിധികൾ:
• 2.50 ലക്ഷം രൂപ വരെ: സ്വർണ മൂല്യത്തിന്റെ 85%
• 2.50 ലക്ഷം – 5 ലക്ഷം രൂപ: 80%
• 5 ലക്ഷം രൂപയ്ക്ക് മുകളിൽ: 75%

ആഭരണങ്ങള്, കോയിന്, ഇടിഎഫ് എന്നിവ ഉള്പ്പടെ ഏത് രൂപത്തിലുള്ള സ്വര്ണം വാങ്ങുന്നതിനുള്ള വായ്പ ഒക്ടോബർ ഒന്നുമുതൽ ലഭിക്കില്ല. അസംസ്കൃത രൂപത്തിലുള്ള സ്വര്ണത്തിനോ വെള്ളിക്കോ വായ്പ നല്കില്ല. അതേസമയം, സ്വര്ണമോ വെള്ളിയോ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്മാതാക്കള്ക്കും പ്രവര്ത്തന മൂലധന വായ്പ അനുവദിക്കും. നേരത്തെ ഇത് ജ്വല്ലറികൾക്ക് മാത്രമായിരുന്നു ലഭിച്ചിരുന്നത്. ചെറു പട്ടണങ്ങളിലെ അര്ബന് കോ ഓപ്പറേറ്റീവ് ബാങ്കുകള്ക്കും സ്വര്ണ വായ്പ നല്കാനും റിസർവ് ബാങ്ക് അനുമതി നൽകി.