ബ്രിട്ടീഷ് സ്റ്റൈലും സ്പോർട്ടി പ്രകടനവും സമന്വയിപ്പിച്ചുകൊണ്ട് Mini ഇന്ത്യയിൽ സ്പെഷ്യൽ എഡിഷൻ മോഡലായ Mini Cooper S Victory Edition അവതരിപ്പിച്ചു. 57.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ ലിമിറ്റഡ് എഡിഷൻ മോഡൽ, 1965ലെ മോണ്ടെ കാർലോ റാലി വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
ഡിസൈൻ കാര്യത്തിൽ ഈ കാർ ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധ നേടുന്നു. ചില്ലി റെഡ് നിറം, വെള്ള റേസിംഗ് വരകൾ, ‘52’ നമ്പർ എന്നിവ ഇതിന് ഒരു ക്ലാസിക് റേസിംഗ് ലുക്ക് നൽകുന്നു. ‘1965’ ബാഡ്ജും 18 ഇഞ്ച് JCW അലോയ് വീലുകളും ഇതിന്റെ സ്പോർട്ടി സ്വഭാവം കൂടുതൽ ശക്തമാക്കുന്നു. പനോരമിക് കറുത്ത മേൽക്കൂര കാറിന് പ്രീമിയം ലുക്ക് നൽകുന്നു.ഇന്റീരിയറിൽ റെട്രോയും മോഡേണും ചേർന്ന ശൈലിയാണ്. JCW സ്പോർട്സ് സീറ്റുകൾ, ‘1965’ ബാഡ്ജിംഗ്, പുതിയ Mini OS 9 പ്രവർത്തിപ്പിക്കുന്ന 240 എംഎം റൗണ്ട് OLED ടച്ച്സ്ക്രീൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ ഹൈടെക് സവിശേഷതകളും ലഭ്യമാണ്.
പ്രകടനത്തിൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. 204 എച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ വെറും 6.6 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കും. പരമാവധി വേഗത മണിക്കൂറിൽ 242 കിലോമീറ്ററാണ്.സുരക്ഷയുടെ കാര്യത്തിൽ മൾട്ടിപ്പിൾ എയർബാഗുകൾ, ABS, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുല്യമായ ഡിസൈൻ, പൈതൃകം, ശക്തമായ പ്രകടനം എന്നിവയുടെ സമന്വയം തേടുന്നവർക്ക് ഈ മോഡൽ മികച്ച തിരഞ്ഞെടുപ്പാണ്.

