സ്ത്രീകൾക്ക് പ്രതിമാസം ₹2,500; ‘ലക്ഷ്മി യോജന’യിൽ വൻ പ്രതികരണം, ആദ്യദിനം രജിസ്റ്റർ ചെയ്തത് 1.47 ലക്ഷം പേർ

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പ്രഖ്യാപിച്ച ‘ലക്ഷ്മി യോജന’ പദ്ധതിക്ക് വൻ ജനപിന്തുണ. രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,47,215 വനിതകൾ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തതായി സർക്കാർ അറിയിച്ചു.പദ്ധതിയിലൂടെ പ്രതിമാസം 2,500 രൂപയുടെ സാമ്പത്തിക സഹായമാണ് ലഭിക്കുക. എന്നാൽ മുഴുവൻ തുകയും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകില്ല. ഇതിൽ 1,000 രൂപ ഗുണഭോക്താവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ബാക്കി 1,500 രൂപ മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലാവധിയുള്ള സ്ഥിരനിക്ഷേപമായി (എഫ്.ഡി.) മാറ്റുകയും ചെയ്യും. സ്ത്രീകൾക്ക് തൽക്ഷണ സാമ്പത്തിക സഹായത്തിനൊപ്പം ദീർഘകാല സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി.

സംസ്ഥാനത്തെ ഏകദേശം 17 ലക്ഷം വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ഇതിനായി നടപ്പു സാമ്പത്തിക വർഷത്തിൽ 5,100 കോടി രൂപ ഡൽഹി സർക്കാർ വകയിരുത്തിയിട്ടുണ്ട്.21 മുതൽ 60 വയസ് വരെ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. വാർഷിക കുടുംബവരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. നിലവിൽ മറ്റേതെങ്കിലും സർക്കാർ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ കഴിയില്ല.ആദായനികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, കുടുംബത്തിൽ സർക്കാർ ജോലിയുള്ളവർ, മൂന്നിലധികം കുട്ടികളുള്ളവർ, കാർ ഉടമകൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്കും പദ്ധതിയിൽ അർഹതയില്ല.

അപേക്ഷയോടൊപ്പം അതത് മണ്ഡലത്തിലെ എം.എൽ.എയുടെയോ എം.പിയുടെയോ ശുപാർശക്കത്ത് നിർബന്ധമായും സമർപ്പിക്കണം. കർശനമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഉൾപ്പെട്ടിരുന്ന പ്രധാന പദ്ധതികളിലൊന്നാണ് ‘ലക്ഷ്മി യോജന’