നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. പ്രശസ്ത രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കഥ ഉണ്ണി മുകുന്ദന്റേതാണ്. ചിത്രത്തിലെ നായകനും ഉണ്ണി മുകുന്ദനാണ്. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയാണ് അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസർസ്- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ഇപ്പോൾ പ്രീപ്രൊഡക്ഷനിൽ ഇരിക്കുന്ന ചിത്രം താൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രം പൂർത്തിയായതിനു ശേഷം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും എന്നും ഉണ്ണി വ്യക്തമാക്കി.
