വ്യൂസിനും പണത്തിനുമായി വ്യാജ വീഡിയോകൾ? അക്കൗണ്ട് നഷ്ടമാകാം; മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (X) കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. യുദ്ധങ്ങളെയോ സായുധ സംഘർഷങ്ങളെയോ സംബന്ധിക്കുന്ന എഐ ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വീഡിയോകൾ യഥാർത്ഥമെന്ന രീതിയിൽ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് പ്ലാറ്റ്‌ഫോം അറിയിച്ചു.

യുദ്ധരംഗങ്ങളോ സംഘർഷ ദൃശ്യങ്ങളോ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ചതാണെങ്കിൽ അത് വ്യക്തമായി വെളിപ്പെടുത്തണം (ഡിസ്ക്ലോഷർ). ഈ വിവരമില്ലാതെ ഇത്തരം ഉള്ളടക്കം പങ്കുവെക്കുന്ന ക്രിയേറ്റർമാരെ എക്സിന്റെ അഡ്വർടൈസിങ് റെവന്യൂ ഷെയറിംഗ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കും.
നിയമലംഘനം ആദ്യമായി കണ്ടെത്തിയാൽ, ആ അക്കൗണ്ടിന്റെ വരുമാനം 90 ദിവസത്തേക്ക് തടഞ്ഞുവെക്കും. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും നിയമലംഘനം ആവർത്തിച്ചാൽ, ആ അക്കൗണ്ടിനെ മോണിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് സ്ഥിരമായി പുറത്താക്കും എന്നതാണ് മുന്നറിയിപ്പ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുദ്ധങ്ങളും നടക്കുന്ന സമയങ്ങളിൽ തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് എക്സ് അധികൃതർ വ്യക്തമാക്കി.
“യുദ്ധസാഹചര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തുന്നത് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്നത്തെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണ്,” എന്ന് എക്സ് പ്രൊഡക്റ്റ് വിഭാഗം മേധാവി അറിയിച്ചു.