ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധത്തില്‍ അമേരിക്ക വിജയം നേടുന്നതുപോലെയാകും തോന്നുക. എന്നാല്‍, യഥാര്‍ത്ഥത്തില്‍ രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിക്കുന്നു. പ്രധാന വ്യാപാര പങ്കാളികളെ നിയന്ത്രണത്തിലാക്കി, ഇറക്കുമതികള്‍ക്ക് ഇരട്ടയക്ക തീരുവ ചുമത്തി, വ്യാപാരക്കമ്മി കുറച്ച്, കോടിക്കണക്കിന് ഡോളര്‍ വരുമാനം ഖജനാവിലേക്ക് എത്തിക്കാനായി ട്രംപ് സ്വീകരിച്ച നയങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് വിലയിരുത്തപ്പെടുന്നു.
ട്രംപ് അധികാരത്തിലേറിയ സമയത്ത് അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് ഏകദേശം 2.5 ശതമാനമായിരുന്നു. ഇന്ന് ഇത് 17 മുതല്‍ 19 ശതമാനം വരെ ഉയര്‍ന്നിരിക്കുകയാണ്. അറ്റ്ലാന്റിക് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ നിരക്ക് 20 ശതമാനത്തോട് അടുത്തേക്കാണ് എത്തുന്നത് — ഇത് നൂറ്റാണ്ടില്‍ അപൂര്‍വമായ ഒരു ഉയര്‍ന്ന നിരക്കാണ്. വ്യാപാര പങ്കാളികള്‍ ശക്തമായ പ്രതികാര നടപടികളിലേക്ക് നീങ്ങിയില്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥ വലിയതോതില്‍ തകരച്ചിയിലായേനെ.താരിഫ് വര്‍ധനവ് യുഎസിലെ തൊഴില്‍, സമ്പദ്വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ മേഖലകളെ നേരിട്ട് ബാധിച്ചുവെന്ന് വിവിധ കണക്കുകള്‍ വ്യക്തമാക്കുന്നു.
“ട്രംപ് മറ്റ് രാജ്യങ്ങളില്‍ നിന്ന് ചില ഇളവുകള്‍ നേടുന്നുണ്ടെങ്കിലും, സാമ്പത്തികമായ നിലയില്‍ അദ്ദേഹം ഈ വ്യാപാരയുദ്ധത്തില്‍ വിജയിച്ചിട്ടില്ല,” എന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക നയ വിഭാഗം മേധാവിയായ മൈക്കല്‍ സ്ട്രെയിന്‍ പറയുന്നത്.”മറ്റു രാജ്യങ്ങള്‍ സ്വന്തം ജനതയെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന നയങ്ങള്‍ പിന്തുടരുകയാണ്. ഇത് തന്നെ ഒരു തോല്‍വിയെന്ന നിലയിലാണ് ഞാന്‍ കാണുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ നിയമപരമായ വെല്ലുവിളികളും ഉയര്‍ന്നുവരികയാണ്. 1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി എക്കണോമിക് പവേഴ്സ് ആക്ട് (IEEPA) ഉപയോഗിച്ച് ട്രംപ് നിരവധി താരിഫുകള്‍ ചുമത്തിയതാണ് ഇതിന് ആധാരം. ഈ നിയമം സാധാരണയായി ശത്രുരാജ്യങ്ങളെ ഉപരോധിക്കാനോ അവരുടെ ആസ്തികള്‍ മരവിപ്പിക്കാനോ ഉപയോഗിക്കുന്നതാണെങ്കിലും, വ്യാപാരനയം രൂപീകരിക്കാന്‍ അതിനെ ഉപയോഗിക്കുന്നത് നിയമപരമായി എത്രത്തോളം ശരിയാണെന്ന് കോടതി നിര്‍ണ്ണയിക്കേണ്ടിവരും.ഈ കേസ് സുപ്രീം കോടതിയിലേക്കും പോകാന്‍ സാധ്യതയുള്ളതായതിനാല്‍, ട്രംപിന്റെ വ്യാപാരനയങ്ങള്‍ക്ക് തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പാണ് വിദഗ്ദ്ധര്‍ നല്‍കുന്നത്.

