കേരളം ഉൾപ്പെടെ വിവിധ റൂട്ടുകളിൽ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി (റിസർവേഷൻ എഗെയിൻസ്റ്റ് ക്യാൻസലേഷൻ) സൗകര്യം ഉണ്ടായിരിക്കില്ല. ആർഎസിയിലൂടെയോ വെയിറ്റിങ് ലിസ്റ്റിലൂടെയോ യാത്ര അനുവദിക്കുന്ന പതിവ് സംവിധാനങ്ങൾ ഈ ട്രെയിനിൽ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതായത്, പൂർണമായും കൺഫേം ആയ ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ വന്ദേഭാരത് സ്ലീപ്പറിൽ യാത്ര ചെയ്യാൻ സാധിക്കൂ.
മറ്റ് ദീർഘദൂര ട്രെയിനുകളിൽ ആർഎസി ടിക്കറ്റുള്ളവർക്ക് സീറ്റ് ലഭിക്കുകയും, കൺഫേംഡ് ടിക്കറ്റുകൾ ക്യാൻസലാകുന്ന പക്ഷം ബെർത്ത് ലഭിക്കുകയും ചെയ്യുന്ന സംവിധാനമുണ്ട്. എന്നാൽ, വന്ദേഭാരത് സ്ലീപ്പറിൽ ആർഎസിയും വെയിറ്റിങ് ലിസ്റ്റും ഇല്ലാത്തതിനാൽ, കൺഫേം ആകാത്ത എല്ലാ ടിക്കറ്റുകളും ഓട്ടോമാറ്റിക്കായി ക്യാൻസലാകും.അതേസമയം, വന്ദേഭാരത് സ്ലീപ്പറിന്റെ ടിക്കറ്റ് നിരക്ക് രാജധാനി എക്സ്പ്രസിനേക്കാളും ഉയർന്നതായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്തയാഴ്ച ഗുവാഹത്തി–ഹൗറ റൂട്ടിൽ സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. നിലവിലെ എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം മൂന്ന് മണിക്കൂർ കുറഞ്ഞ സമയത്തിനകം ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കണക്കാക്കുന്നത്.
വന്ദേഭാരത് സ്ലീപ്പറിൽ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്റർ ദൂരത്തിനായിരിക്കും. അതായത്, 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കാണ് ഈടാക്കുക. വെയിറ്റിങ് ലിസ്റ്റ് ഇല്ലാത്തതിനാൽ കൺഫേം ആകാത്ത ടിക്കറ്റുകൾ സ്വയമേവ റദ്ദാക്കപ്പെടും. എന്നാൽ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾ, റെയിൽവേ സ്റ്റാഫ് എന്നിവർക്ക് പ്രത്യേക ക്വോട്ട ഈ ട്രെയിനിലുണ്ടാകും.
റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി ഒഴികെ കിലോമീറ്ററിന് 3എസിക്ക് 2.4 രൂപയും, 2എസിക്ക് 3.1 രൂപയും, ഫസ്റ്റ് എസിക്ക് 3.8 രൂപയുമാണ് നിരക്ക്. ഇതനുസരിച്ച് 400 കിലോമീറ്ററിൽ താഴെയുള്ള യാത്രയ്ക്ക് 3എസി ടിക്കറ്റ് 960 രൂപയും, 2എസി 1,240 രൂപയും, ഫസ്റ്റ് എസി 1,520 രൂപയുമായിരിക്കും.
കോച്ചുകളും വേഗതയും
ഗുവാഹത്തി–ഹൗറ റൂട്ടിലെ വന്ദേഭാരത് സ്ലീപ്പറിൽ 11 3എസി കോച്ചുകളും, 4 2എസി കോച്ചുകളും, ഒരു ഫസ്റ്റ് എസി കോച്ചും ഉൾപ്പെടും. പരമാവധി 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനുള്ള ശേഷിയുള്ള ട്രെയിൻ സുരക്ഷാ കാരണങ്ങളാൽ മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും സർവീസ് നടത്തുക. നിലവിൽ രാജധാനി എക്സ്പ്രസുകൾ സാധാരണയായി 80–90 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്.
