രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും

രണ്ടു മാസത്തിനകം കേരളം പുതിയ ഐടി നയം പ്രഖ്യാപിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് അടക്കമുള്ള മേഖലകൾക്ക് ഊന്നൽ നൽകിയായിരിക്കും പുതിയ നയം.ഡൽഹിയിൽ നടന്ന സംസ്ഥാന ഐടി സെക്രട്ടറിമാരുടെ യോഗത്തിലാണ് കേരളത്തിന് വേണ്ടി ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

2017ലെ ഐടി നയമാണ് നിലവിലുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള പുതുതലമുറ വിഷയങ്ങൾ ഇതിൽ കൈകാര്യം ചെയ്തിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഇ–സേവനം പോർട്ടലിന്റെ കൂടുതൽ പരിഷ്കരിച്ച പതിപ്പ് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ഡിജിറ്റലായി രേഖകൾ സൂക്ഷിക്കാനുള്ള ഡിജിലോക്കർ വ്യക്തികൾക്കു പുറമേ സ്ഥാപനങ്ങൾക്കു കൂടി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രം അഭിപ്രായം തേടി. മേയിൽ കേന്ദ്രം ഇതുസംബന്ധിച്ച മാർഗരേഖ പുറത്തിറക്കും.