യുഎഇ മാത്രം അല്ല, സ്വിറ്റ്സർലൻഡിൽ നിന്നുമെത്തി സ്വർണം; ഇറക്കുമതിയിൽ വൻ ചാട്ടം

സ്വർണവില ഉയർന്നിട്ടും ഇന്ത്യക്കാർ വീണ്ടും പൊന്നിലേക്കു തിരിഞ്ഞു. ഡിസംബറിൽ വിലക്കുതിപ്പിനെ തുടർന്ന് ഇടിവ് നേരിട്ട സ്വർണം ഇറക്കുമതി, ജനുവരിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. പ്രത്യേകിച്ച് യുഎഇയും സ്വിറ്റ്സർലൻഡും പോലുള്ള പ്രധാന സ്വർണ ഹബ്ബുകളിൽ നിന്നുള്ള വരവ് ഗണ്യമായി വർധിച്ചു.

പുതിയ കണക്കുകൾ പ്രകാരം, ജനുവരിയിൽ ഇന്ത്യ 12.1 ബില്യൺ ഡോളർ (ഏകദേശം 1.10 ലക്ഷം കോടി രൂപ) മൂല്യമുള്ള സ്വർണം ഇറക്കുമതി ചെയ്തു — മുൻമാസത്തേക്കാൾ നാലിരട്ടി വളർച്ച. സ്വിറ്റ്സർലൻഡിൽ നിന്നുള്ള ഇറക്കുമതി 592 മില്യൺ ഡോളറിൽ നിന്ന് ഏഴിരട്ടി ഉയർന്ന് 3.95 ബില്യൺ ഡോളറായി (35,800 കോടി രൂപ). യുഎഇയിൽ നിന്നുള്ള ഇറക്കുമതി 43 ശതമാനം വർധിച്ച് 7.05 ബില്യൺ ഡോളറായി (63,800 കോടി രൂപ) ഉയർന്നു. ഡിസംബറിൽ ഇത് 4.94 ബില്യൺ ഡോളറായിരുന്നു.യുഎഇയുമായി ഇന്ത്യയ്ക്കുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രകാരം, യുഎഇയിൽ നിന്നുള്ള സ്വർണ ഇറക്കുമതിക്ക് ഒരു ശതമാനം ചുങ്ക ഇളവ് ലഭിക്കുന്നു. ഇതും യുഎഇയിൽ നിന്നുള്ള സ്വർണ വരവ് കൂടാൻ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു.

2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 32.9 ബില്യൺ ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്നു. 2024-25ൽ ഇത് 58 ബില്യൺ ഡോളറായി ഉയർന്നു. എന്നാൽ, അളവിന്റെ കാര്യത്തിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് — 982.7 ടണ്ണിൽ നിന്ന് 757.1 ടണ്ണിലേക്കാണ് ഇടിവ്.നടപ്പുവർഷമായ 2025-26ൽ ഏപ്രിൽ മുതൽ ഡിസംബർ വരെ 49.4 ബില്യൺ ഡോളർ മൂല്യമുള്ള 475 ടൺ സ്വർണം ഇന്ത്യയിൽ എത്തി. ഇറക്കുമതി അളവ് കുറഞ്ഞിരുന്നാലും, ഉയർന്ന വില കാരണം മൊത്തമൂല്യം ഉയർന്ന നിലയിലാണ്.

അതേസമയം, സ്വർണം ഇറക്കുമതി കൂടിയത് ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയരാൻ ഇടയാക്കി. ജനുവരിയിൽ വ്യാപാരക്കമ്മി 34.68 ബില്യൺ ഡോളറായി — മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്. 2025 ജനുവരിയിൽ ഇത് 23.43 ബില്യൺ ഡോളറായിരുന്നു.ഒരു രാജ്യത്തിന്റെ മൊത്തം ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരക്കമ്മി.