മെറ്റയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി സിംഗപ്പൂർ സർക്കാർ

ഫേസ്ബുക്കിലെ തട്ടിപ്പുകളും വ്യാജ അക്കൗണ്ടുകളും തടയാൻ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്കെതിരെ സിംഗപ്പൂർ സർക്കാർ ശക്തമായ നടപടി ആരംഭിച്ചു. ഫേസ്ബുക്കിൽ നടക്കുന്ന തട്ടിപ്പുകൾ നിയന്ത്രിക്കാൻ ഈ മാസം അവസാനത്തോടെ മുഖം തിരിച്ചറിയൽ (Facial Recognition) പോലുള്ള സാങ്കേതികവിദ്യ നടപ്പാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

നിശ്ചിത സമയപരിധിക്കുള്ളിൽ ഈ നിർദേശം പാലിക്കാൻ മെറ്റ പരാജയപ്പെടുകയാണെങ്കിൽ, ഏകദേശം 65 ദശലക്ഷം രൂപ (ഏകദേശം 650,000 കോടി രൂപ) വരെ പിഴ ചുമത്തും. കൂടാതെ സമയപരിധി കഴിഞ്ഞ് പ്രതിദിനം 100,000 യുഎസ് ഡോളർ (ഏകദേശം 7.7 ദശലക്ഷം രൂപ) വീതം പിഴ കൂടി ഈടാക്കുമെന്നും സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.2024 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന സിംഗപ്പൂരിന്റെ ഓൺലൈൻ ക്രിമിനൽ ഹാർംസ് ആക്ട് പ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ നിയമപ്രകാരം മെറ്റയ്ക്ക് എതിരെ പുറപ്പെടുവിക്കപ്പെടുന്ന ആദ്യത്തെ പ്രധാന ഉത്തരവാണിത്. സൈബർ തട്ടിപ്പുകളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കർശനമായി നിരീക്ഷിക്കാനുള്ള സിംഗപ്പൂരിന്റെ നീക്കമാണിതിലൂടെ വ്യക്തമാകുന്നത്.

2024 ജൂണിനും 2025 ജൂണിനും ഇടയിൽ ഫേസ്ബുക്കിൽ വ്യാജ പരസ്യങ്ങളും അക്കൗണ്ടുകളും വൻ തോതിൽ വർദ്ധിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്ത് തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സർക്കാർ ഇതിനോടകം മെറ്റയ്‌ക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും, തട്ടിപ്പുകൾ ഇപ്പോഴും പ്രധാന പ്രശ്നമായി തുടരുകയാണ്.ഇതോടൊപ്പം, സിംഗപ്പൂർ പോലീസ് അടുത്തിടെ മെറ്റയോട് ഫേസ്ബുക്കിലെ വ്യാജ പരസ്യങ്ങൾ, അക്കൗണ്ടുകൾ, പ്രൊഫൈലുകൾ, സർക്കാർ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ബിസിനസ് പേജുകൾ എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു.

അതേസമയം, ഫേസ്ബുക്കിൽ സെലിബ്രിറ്റികളുടെ പേരോ ചിത്രങ്ങളോ ദുരുപയോഗം ചെയ്യുന്നത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ അക്കൗണ്ടുകളും പരസ്യങ്ങളും കണ്ടെത്തിയാൽ അവ നീക്കം ചെയ്യുമെന്നും, വ്യാജത്വം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും കമ്പനി വ്യക്തമാക്കി. തട്ടിപ്പുകാരെ നേരിടാൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ കൂട്ടിച്ചേർത്തു.