മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം. ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയില്‍ കുടുംബ പ്രേക്ഷകര്‍ കാര്യമായി എത്തിത്തുടങ്ങിയതോടെ വാരങ്ങള്‍ക്കിപ്പുറവും ചിത്രത്തിന് കാര്യമായി പ്രേക്ഷകര്‍ ഉണ്ട്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. മാളികപ്പുറം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന വിവരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഫെബ്രുവരി 15 ന് ചിത്രം ഒടിടി പ്രദര്‍ശനം ആരംഭിക്കും. തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തന്നെ ഒടിടി റിലീസ് ആയി ഒരു സിനിമ എത്തുന്നത് ഏത് ഭാഷയിലും അപൂര്‍വ്വമാണ്
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

