‘മാര്‍ക്കോ’ സിനിമയ്ക്ക് ടിവി ചാനലുകളിൽ വിലക്ക്;

‘മാര്‍ക്കോ’ സിനിമയ്ക്ക് വിലക്കിട്ട് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സര്‍ ട്ടിഫിക്കേഷൻ. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിൽ വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ‘എ’ സര്‍ട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് നടപടിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ മനോരമ ന്യൂസിനോട് വിശദീകരിച്ചു. ‘മാര്‍ക്കോ’യ്ക്ക് തിയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും വിശദീകരണം.

സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും അദേഹം വ്യക്തമാക്കി. അതേസമയം സിനിമയില്‍ വയലന്‍സ് കൂടുന്നൂവെന്നത് യാഥാര്‍ത്ഥ്യമാണെന്നും സി.ജി.അരുണ്‍ സിങുമായി നടത്തിയ
സംഭാഷണത്തില്‍ അദേഹം സമ്മതിച്ചു.

‘‘ജനങ്ങൾ എന്തു കാണണം എന്നു തീരുമാനിക്കുന്നൊരു ബോഡി ഇന്നിവിടെ നിലനിൽക്കുന്നില്ല. ഇപ്പോഴുള്ളത് ഒരു സർട്ടിഫിക്കേഷൻ ബോർഡ് ആണ്. ഏതു വിഭാഗത്തിൽപെടുന്ന പ്രേക്ഷകൻ കാണാണ്ട സിനിമയാണിതെന്നു തീരുമാനിക്കുന്ന ബോർഡ് ആണ് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. കണ്ടന്റ് മച്യൂരിറ്റി അനുസരിച്ചാണ് ഒരു സിനിമയെ റേറ്റ് ചെയ്യുന്നത്.ഒരു സിനിമയ്ക്ക് എത്രത്തോളം വയലൻസ് ആകാം എന്നു തീരുമാനിക്കുന്നത് അതിന്റെ പ്രമേയവുമായി ബന്ധപ്പെട്ടാണ്. കഥ പറയുന്നതിന് ആവശ്യമായ മച്യൂരിറ്റി കണ്ടന്റ് മാത്രമാണ് അതിലുണ്ടാകാൻ പാടുള്ളൂ. ഇതൊക്കെയാണെങ്കിലും സിനിമയിൽ വരുന്ന വയലൻസ് ഈ അടുത്ത കാലത്ത് കൂടുതലാണ്.

കുട്ടികള്‍ വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. ഉള്ളടക്കം പരിശോധിച്ച് ഏതൊക്കെ പ്രായത്തിലുള്ളവര്‍ കാണരുതെന്ന് നിഷ്കര്‍ഷിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനാല്‍ കുട്ടികളുമായി സിനിമയ്ക്ക് പോകും മുന്‍പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമാണ്. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററിനെതിരെ പതിനായിരം രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ട്.

സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിനിമകളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ നടപടികളുമായി ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് രംഗത്തുവരും. ഉള്ളടക്കം കര്‍ശനമായി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കി കഴിഞ്ഞു. സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.’’–നദീം തുഫേല്‍ പറഞ്ഞു.