മലിനീകരണം കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ ദൗത്യത്തിന്റെ അവസാന തീയ്യതിക്കും മുമ്പേ നടപടികള്‍ പൂര്‍ത്തിയാക്കി ടാറ്റ!

രാജ്യത്തെ ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അതിന്റെ ബിഎസ് 6 രണ്ടാം ഘട്ട പാസഞ്ചർ വാഹനങ്ങളുടെ ശ്രേണി പ്രഖ്യാപിച്ചു. ഇപ്പോൾ ആർ‌ഡി‌ഇ, ഇ 20 തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ് കമ്പനിയുടെ മോഡലുകള്‍. ഇതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ച അവസാന തീയ്യതിയായ 2023 ഏപ്രിൽ ഒന്നിന് മുമ്പാണ് ടാറ്റ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ തങ്ങളുടെ വാഹന മോഡലുകളില്‍ നടപ്പാക്കിയത്.

പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയുടെ പവർട്രെയിൻ ഓപ്ഷനുകളിലുടനീളം ടാറ്റ മോട്ടോഴ്സ് അതിന്റെ പോർട്ട്ഫോളിയോ പുതുക്കിയിട്ടുണ്ട്. എഞ്ചിനുകൾ ഇപ്പോൾ കൂടുതൽ പ്രതികരിക്കുകയും മികച്ച ഇന്ധനക്ഷമത നൽകുകയും ചെയ്യുമെന്ന് ടാറ്റ പറയുന്നു. ബ്രാൻഡ് ഇപ്പോൾ അതിന്റെ സ്റ്റാൻഡേർഡ് വാറന്റി 2 വർഷം/75,000 കിലോമീറ്ററിൽ നിന്ന് മൂന്നു വർഷം/ ഒരു ലക്ഷം കിലോമീറ്ററായി ഉയർത്തി.

താഴ്ന്ന ഗിയറുകളിൽ മികച്ച ലോ-എൻഡ്, സുഗമമായ അനുഭവത്തിനായി അൽട്രോസിന്റെയും പഞ്ചിന്റെയും എഞ്ചിൻ മെച്ചപ്പെടുത്തിയിട്ടുണ്ട്. രണ്ട് മോഡലുകൾക്കും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഐഡൽ സ്റ്റോപ്പ് സ്റ്റാർട്ട് ലഭിക്കും. ഇത് മികച്ച മൈലേജ് നല്‍കും  എന്നാണ് റിപ്പോര്‍ട്ടുകള്‍

എഞ്ചിനുകൾക്ക് പുറമെ, ടിയാഗോയിലും ടിഗോറിനും ടാറ്റ മോട്ടോഴ്‌സ് എ-ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും കൂട്ടിച്ചേർത്തിട്ടുണ്ട്. കുറഞ്ഞ എൻവിഎച്ച് നിലവാരത്തിൽ വാഹനങ്ങൾക്ക് ഇപ്പോൾ ശാന്തമായ ക്യാബിൻ അനുഭവം ലഭിക്കുമെന്നും ടാറ്റ അവകാശപ്പെടുന്നു.

നെക്സോണ്‍, അള്‍ട്രോസ് ​​എന്നിവയിലെ ഡീസൽ എഞ്ചിനും കമ്പനി നവീകരിച്ചു. അതേസമയം ഇതിന്‍റെ കൃത്യമായ വിവരങ്ങൾ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, മികച്ച പ്രകടനം നൽകുന്നതിനായി നെക്സോണിന്റെ ഡീസൽ എഞ്ചിൻ ഇപ്പോൾ റീട്യൂൺ ചെയ്‍തിട്ടുണ്ടെന്നും ടാറ്റ പറയുന്നു.

വാഹന മലിനീകരണം കുറയ്ക്കുന്നതിനുള്ള സർക്കാരിന്റെ ദൗത്യത്തിന്റെ സജീവ പങ്കാളിയാണ് ടാറ്റ മോട്ടോഴ്‌സ് എന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. പുതിയ എമിഷൻ സ്റ്റാൻഡേർഡുകളോടൊപ്പം ടാറ്റയുടെ കാറുകൾ അപ്‌ഗ്രേഡ് ചെയ്യാനുള്ള ഈ അവസരം ഉപയോഗിച്ചുവെന്നും മാത്രമല്ല അത്യാധുനിക സുരക്ഷ, ഡ്രൈവിബിലിറ്റി, നവീകരിച്ച സവിശേഷതകൾ, മികച്ച റൈഡ് അനുഭവം എന്നിവയും ഏറ്റവും പ്രധാനമായി ഒരു മെച്ചപ്പെട്ട പോർട്ട്‌ഫോളിയോ ഉപയോഗിച്ച് തടസ്സമില്ലാത്ത ഉടമസ്ഥാവകാശ അനുഭവം നല്‍കി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നുവെന്നും രാജൻ അംബ കൂട്ടിച്ചേര്‍ത്തു.