മമ്മൂട്ടി ചിത്രം’ ഭ്രമയുഗ’ത്തിന്റെ യഥാർഥ ബജറ്റ് വെളിപ്പെടുത്തി നിര്‍മാതാവ്

ഈ വർഷം ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ൻ, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. നാല് കഥാപാത്രങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമയുടെ ടീസറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്

ഇരുപതു കോടിക്കു മുകളിലാണ് ഭ്രമയുഗത്തിന്റെ ബജറ്റ് എന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ 27.73 കോടിയാണ് ചിത്രത്തിന്റെ നിർമാണച്ചെലവെന്ന് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ വെളിപ്പെടുത്തി. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം പറയുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ചിത്രമായതുകൊണ്ട് വലിയ ബജറ്റ് ആയില്ലെന്നും കോസ്റ്റ്യൂം പോലും കുറവാണെന്നും ചർച്ചകൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ, ചിത്രത്തിന് 20 കോടി മുതല്‍ 35 കോടി വരെ ചെലവ് ആയിട്ടുണ്ടെന്നും റിപ്പോർട്ടുകളെത്തി. അതിനിടെയാണ് യഥാർഥ കണക്കുമായി നിർമാതാവ് തന്നെ എത്തിയത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്‌ഷനാണ് ഭ്രമയുഗം