ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു

സ്മാർട്ട് ഫോണിൽ ഇന്റർനെറ്റ്, സെല്ലുലർ സിഗ്നൽ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യാനുള്ള ‘ഡയറക്ട് ടു മൊബൈൽ’ (ഡി2എം) സേവനം 19 നഗരങ്ങളിൽ ഉടൻ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കും.

ഡൽഹിയിലും ബെംഗളൂരുവിലും നടത്തിയ പരീക്ഷണം വിജയമാണ്. ഫോൺ ഫ്ലൈറ്റ് മോഡിലാണെങ്കിൽ പോലും ടിവി ചാനലുകൾ കാണാം.പരീക്ഷണം വിജയമാകുകയും ഇതുസംബന്ധിച്ച നയരൂപീകരണം സാധ്യമാകുകയും ചെയ്താൽ അടുത്ത വർഷത്തോടെ പരിമിത തോതിൽ സൗകര്യം ലഭ്യമാകും. പ്രസാർ ഭാരതിയുടെ ഭൂതല സംപ്രേഷണത്തിനുള്ള അടിസ്ഥാന സൗകര്യമാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.

ഡി2എം പഴയ ടെലിവിഷൻ ആന്റിന പോലെ തന്നെ ഫോണുകളും ഡിജിറ്റൽ ടിവി സിഗ്നലുകൾ സ്വീകരിക്കും. ടവറുകളിൽ നിന്നുള്ള സിഗ്നലുകൾ സ്വീകരിക്കാൻ ഫോണിൽ പ്രത്യേക ചിപ് ആവശ്യമാണ്. ചിപ് ഇല്ലാത്ത ഫോണുകളുടെ ചാർജിങ് പോർട്ടിൽ കുഞ്ഞൻ റിസീവർ കണക്റ്റ് ചെയ്യാം. ഫോണിലെ എഫ്എം റേഡിയോ പ്രവർത്തിക്കുന്നതിനു സമാനമായിരിക്കും പ്രവർത്തനം.മൊബൈൽ ഇന്റർനെറ്റ് ഉപയോഗിച്ച് ചാനൽ ലൈവ് സ്ട്രീമിങ് കാണുമ്പോൾ ടെലികോം ശൃംഖലയിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാൻ ഈ നീക്കം സഹായിക്കും.