പൊതു ചാർജിങ് പോർട്ട് ആയി ‘യുഎസ്ബി ടൈപ്പ്–സി; ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്ത് പൊതു ചാർജിങ് പോർട്ട് ആയി ‘യുഎസ്ബി ടൈപ്പ്–സി’ ഉപയോഗിക്കാൻ തത്വത്തിൽ ധാരണയായതിനു പിന്നാലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) ടൈപ് സി ചാർജറിന് വേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പുറത്തിറക്കി. സാധാരണ ഫീച്ചർ ഫോണുകൾക്ക് മറ്റൊരു പൊതു ചാർജറും നിശ്ചയിച്ചേക്കും. ഘട്ടംഘട്ടമായി ആകും ഇവ നടപ്പാക്കുക. നിലവിൽ പുതിയ ആൻഡ്രോയ്ഡ് ഫോണുകൾ ഭൂരിഭാഗവും ടൈപ്പ്–സി ചാർജറാണ് ഉപയോഗിക്കുന്നത്.

യൂറോപ്യൻ യൂണിയൻ പൊതു ചാർജറായി യുഎസ്ബി ടൈപ്പ്–സി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. 2024ൽ ഇതു നടപ്പാക്കും. ഇന്ത്യയും ഇതേ സമയക്രമം പിന്തുടരുമെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു. ഓരോന്നിനും വ്യത്യസ്തമായ ചാർജർ എന്ന ഇപ്പോഴത്തെ അവസ്ഥ വലിയ തോതിൽ ഇ–വേസ്റ്റ് കുന്നുകൂടുന്നതിനു കാരണമാകുന്നുണ്ട്.