പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന്‌ പിഎഫ്‌ആര്‍ഡിഎ ചെയര്‍മാന്‍

മുതിർന്ന പൗരന്മാരുടെ എണ്ണവും ജീവിത ചെലവുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ ഫണ്ടുകൾ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണെന്ന്‌ പിഎഫ്‌ആര്‍ഡിഎ ചെയര്‍മാന്‍ ഡോ. ദീപക്‌ മൊഹന്തി പറഞ്ഞു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ശമ്പളത്തിന്റെ 60–70 ശതമാനമെങ്കിലും ഉണ്ടെങ്കിലേ പിന്നീടുള്ള കാലം ജീവിച്ചു പോകാനാകു എന്നാണ് അവസ്ഥ. അതു കൊണ്ടു തൊഴിലിടത്തിൽ നിന്നുള്ള പെൻഷൻ , അല്ലെങ്കിൽ സര്‍ക്കാർ നൽകുന്ന അടിസ്ഥാന പെൻഷൻ, അതുമല്ലെങ്കിൽ വ്യക്തിഗതമായുള്ള പെൻഷൻ ഇവയേതെങ്കിലും ഉറപ്പാക്കിയേ പറ്റു. പക്ഷെ ഇപ്പോഴും രാജ്യത്ത് പെൻഷൻ പദ്ധതികളെക്കുറിച്ച് കാര്യമായ അവബോധമില്ല. ഈ സ്ഥിതി മാറേണ്ടിയിരിക്കുന്നുവെന്ന് മൊഹന്തി കൂട്ടിചേർത്തു.

പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി ആന്റ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി (പിഎഫ്‌ആര്‍ഡിഎ) അവതരിപ്പിക്കുന്ന നാഷണല്‍ പെന്‍ഷന്‍ പദ്ധതിയിൽ സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും ഒരു പോലെ ചേരാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. എത്രയും നേരത്തെ പദ്ധതിയിൽ ചേരുന്നതിലൂടെ കോമ്പൗണ്ടിങ്ങിന്റെ നേട്ടവും ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇപ്പോൾ 1.6 കോടി പേർ എൻപിസിൽ അംഗങ്ങളാണ്. 13.5 ലക്ഷം കോടി രൂപയുടെ ഫണ്ട്‌ കൈകാര്യം ചെയ്യുന്നുണ്ട്. അതേ സമയം രാജ്യത്തൊട്ടാകെ 39,38,762 സാധാരണക്കാര്‍ എൻ പിഎസ് വരിക്കാരാണ്.കേരളത്തിലിത് 121,667 ഉം കൊച്ചിയിലിത് 20,250 പേരുമാണ്.