പൃഥ്വിരാജ് ആശുപത്രി വിട്ടു, ചികിത്സയുടെ വിശദാംശങ്ങളുമായി കുറിപ്പ്

സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ പൃഥ്വിരാജ് ഡിസ്‍ചാര്‍ജ് ആയി. വലതുകാൽമുട്ടിന് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്‌ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് സർജറിക്ക് വിധേയമാക്കിയത്. കാർട്ടിലേജ്, ക്രൂഷിയേറ്റ് ലിഗമെന്റ്,  മെനിസ്‍കസ് റിപ്പയർ എന്നിവയ്ക്ക് ശേഷം പൃഥ്വിരാജ് ഫിസിയോതെറാപ്പിക്ക് വിധേയനായി. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ അദ്ദേഹം പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് വ്യക്തമാക്കിയതായി  വിപിഎസ് ലേക്‌ഷോർ ആശുപത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ആരാധകരുടെ സ്‍നേഹത്തിന് നന്ദി പറഞ്ഞ് താരം സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘വിലായത്ത് ബുദ്ധ’യെന്ന എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാൽ, എനിക്ക് വിദഗ്ദ്ധരുടെ ചികിത്സ ആശുപത്രിയില്‍ ലഭിക്കുകയും ചെയ്‍തു. നിലവിൽ  ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കുറച്ച് മാസത്തേക്ക് ഫിസിയോതെറാപ്പി നിര്‍ദ്ദേശിച്ചുവെന്നും താൻ പെട്ടെന്ന് മടങ്ങിയെത്തും എന്നും പൃഥ്വിരാജ് കുറിച്ചു. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ താൻ പരമാവധി ശ്രമിക്കും. തന്നോട് സ്‍നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറയുന്നതായും പൃഥ്വിരാജ് കുറിച്ചു.