വൈകാതെ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയിൽ ഹാൻഡ് ബാഗിലുള്ള ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ടി വരില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുതിയ തരം സ്കാനർ വിമാനത്താവളങ്ങളിൽ ക്രമീകരിക്കാൻ ശുപാർശ ചെയ്തു.
ഇപ്പോൾ ഹാൻഡ് ബാഗിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുത്ത് ട്രേയിൽ വച്ചാണ് സ്കാനറിലേക്ക് കടത്തിവിടുന്നത്. ഇത് കൂടുതൽ സമയമെടുക്കും. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ദ്വിമാന കാഴ്ച മാത്രം സാധ്യമാക്കുന്നതാണ് നിലവിലെ സ്കാനറുകൾ. ഇക്കാരണത്താലാണ് ഇവ പുറത്തെടുക്കേണ്ടി വരുന്നത്. ഇതിനു പകരം ത്രിമാന കാഴ്ച ലഭ്യമാക്കുന്ന ടോമോഗ്രഫി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സ്കാനറുകൾ വേണമെന്നാണ് ബിസിഎഎസ് നിർദേശിച്ചിരിക്കുന്നത്.

