നാല് സ്റ്റാർ കരസ്ഥമാക്കി സുരക്ഷയിൽ മാരുതിയുടെ ഹോട്ട് സെല്ലിങ് ക്രോസ്ഓവറായ ഫ്രോങ്സ്

മൈലേജ് നോക്കി വാഹനങ്ങൾ വാങ്ങിയിരുന്നവർ സുരക്ഷയ്ക്ക് കൂടി പ്രാമുഖ്യം നൽകി തുടങ്ങിയപ്പോൾ ഇടിപരീക്ഷയിലും തിളങ്ങി നിൽക്കുകയാണ് മാരുതിയുടെ സ്വന്തം വാഹനങ്ങൾ. മുഴുവൻ മാർക്കും വാങ്ങി ഫുൾ എ പ്ലസ് നേടാനായില്ലെങ്കിലും നാല് സ്റ്റാർ കരസ്ഥമാക്കി സുരക്ഷയിൽ ഒട്ടും പുറകിലല്ലെന്നു തെളിയിച്ചിരിക്കുകയാണ് മാരുതിയുടെ ഹോട്ട് സെല്ലിങ് ക്രോസ്ഓവറായ ഫ്രോങ്സ്. ഭാരത് എൻ സി എ പി ടെസ്റ്റിലല്ല, ജപ്പാൻ എൻസിഎപി ഇടിപരീക്ഷയിലാണ് ഫ്രോങ്സിന്റെ നേട്ടം. ഇന്ത്യയിൽ നിർമിച്ച് ജപ്പാനിൽ വിതരണത്തിനെത്തിക്കുന്ന വാഹനമാണ് പരീക്ഷയിൽ മാറ്റുരച്ചത്.

വാഹനത്തിന്റെ ആകെ സുരക്ഷയിൽ 193.8 ൽ 163.75 പോയിന്റാണ് ഫ്രോങ്സ് കരസ്ഥമാക്കിയത്. 100 ൽ 84 ശതമാനം മാർക്ക് നേടിയപ്പോൾ വാഹനത്തിന്റെ പ്രതിരോധ സുരക്ഷ, സേഫ്റ്റി പെർഫോമൻസ് എന്നീ വിഭാഗങ്ങളിൽ യഥാക്രമം 85 ൽ 79.42 പോയിന്റ്, 100 ൽ 76.33 പോയിന്റുകൾ സ്വന്തമാക്കിയിട്ടുണ്ട് ഫ്രോങ്സ്. ഓട്ടോ എമർജൻസി കാൾ സിസ്റ്റത്തിൽ എട്ടിൽ എട്ടും പോയിന്റും നേടി വിജയമുറപ്പിക്കാനും വാഹനത്തിനു കഴിഞ്ഞു.