ഓപ്പറേഷൻ നംഖോർയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ വാഹനവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാഹനം വിട്ടുനൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിച്ച്, ഇരുപത് വർഷത്തെ രേഖകളും ഹാജരാക്കണം എന്നും കോടതി വ്യക്തമാക്കി. ആവശ്യം തള്ളിയാൽ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവായിരിക്കണം കസ്റ്റംസ് പുറപ്പെടുവിക്കേണ്ടതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
വാഹനം പിടിച്ചെടുത്തത് മുൻവിധിയോടെയാണെന്നും, സമർപ്പിച്ച രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്ത് നിന്ന് നിയമലംഘനമായി എത്തിയ വാഹനമാണെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന മറുപടി കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു.കസ്റ്റംസ് വാദമനുസരിച്ച്, ഹർജി നിലനിൽക്കില്ല, അതിനാൽ ദുൽഖർ കസ്റ്റംസ് അപ്പലറ്റ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കി. ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തതിൽ, ഒരു വാഹനത്തെയാണ് മാത്രമാണ് വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ചതെന്നും, മറ്റ് വാഹനങ്ങൾക്കായി സമാന ക്ലെയിം ഉന്നയിക്കാത്തതെന്തെന്നുമാണ് കസ്റ്റംസ് ചോദിച്ചത്.
വിശദമായ വാദം കേട്ട ശേഷം ജസ്റ്റിസ് സിയാദ് റഹ്മാൻ ഹൈക്കോടതി കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചു. ദുൽഖറിനെയും കേട്ട ശേഷം, അന്വേഷണം ഉൾപ്പെടെ പരിശോധിച്ച് അന്തിമ ഉത്തരവുണ്ടാകണം. വാഹനം വിട്ടുനൽകാനാവില്ലെങ്കിൽ കാരണം രേഖപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണം എന്നും കോടതി നിർദേശിച്ചു.വാദത്തിനിടെ, കസ്റ്റംസിനോട് കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. പല കൈകളിലൂടെ കൈമാറിയ വാഹനത്തിന്റെ ഒടുവിലെ ഉടമ ദുൽഖറാണെന്ന് ചൂണ്ടിക്കാട്ടി, “ഇതിൽ ആരാണ് ഉത്തരവാദി? ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത്?” എന്ന ചോദ്യങ്ങളാണ് കോടതി മുന്നോട്ട് വെച്ചത്. ഓരോ വാഹനത്തിന്റെയും ക്രമക്കേട് വ്യക്തമായി വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അന്വേഷണ വിവരങ്ങൾ കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. ഇതിനിടെ, ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത 34 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റിയതായി വിവരം പുറത്ത് വന്നു. നിയമനടപടികൾ പൂർത്തിയാകുന്നത് വരെ ആ വാഹനങ്ങൾ റോഡിൽ ഇറക്കരുത്, ഉടമകളുടെ വീട്ടിലോ ഗാരേജിലോ സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി.എന്നാൽ അന്വേഷണം തുടരുന്നതിനാൽ ദുൽഖർ സൽമാനിന്റെയും അമിത് ചക്കാലക്കലിന്റെയും ലാൻഡ് റോവർ വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. സംസ്ഥാനത്തിനു പുറത്തേക്ക് നിരവധി വാഹനങ്ങൾ പോയതിനാൽ, രണ്ടാഴ്ചയ്ക്കുശേഷവും കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല.

