തുരുമ്പ് ഇന്ത്യയ്ക്ക് വർഷംതോറും 14 ലക്ഷം കോടി രൂപയുടെ നഷ്ടം; ജിഡിപിയുടെ 4.3 ശതമാനം ബാധിക്കുന്നതായി റിപ്പോർട്ട്

ലോഹഘടനകളിൽ തുരുമ്പ് വ്യാപകമാകുന്നതിലൂടെ ഇന്ത്യയ്ക്ക് പ്രതിവർഷം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ജാപ്പനീസ് ഗവേഷണ സ്ഥാപനമായ നൊമൂറയുടെ റിപ്പോർട്ട്. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) ഏകദേശം 4.3 ശതമാനത്തിന് തുല്യമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

പാലങ്ങൾ, തുറമുഖങ്ങൾ, വ്യവസായശാലകൾ, വൈദ്യുതി സംവിധാനങ്ങൾ, റെയിൽവേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ തുരുമ്പ് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്നതോടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമായി വൻതുക ചെലവഴിക്കേണ്ടിവരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തുരുമ്പിനെ പ്രതിരോധിക്കാൻ കൂടുതൽ ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ നടപ്പാക്കിയാൽ രാജ്യത്തിന്റെ ജിഡിപിയിൽ 1.5 ശതമാനം വരെ അധിക വളർച്ച കൈവരിക്കാനാകുമെന്നും പഠനം വിലയിരുത്തുന്നു.
സാമ്പത്തിക നഷ്ടത്തിനൊപ്പം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും തുരുമ്പ് ഗുരുതര ഭീഷണിയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയവും മേഖലാ അടിസ്ഥാനവുമായ സമീപനം ഇപ്പോഴും പരിമിതമാണെന്നും യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടരേണ്ടതുണ്ടെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കാലാവസ്ഥാ വ്യത്യാസങ്ങൾ പരിഗണിച്ച് സംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യുന്നതിലാണ് വികസിത രാജ്യങ്ങളുടെ വിജയം. എന്നാൽ ഇന്ത്യയിൽ എല്ലാ പ്രദേശങ്ങൾക്കും ഒരേ രീതിയിലുള്ള സംരക്ഷണ സംവിധാനങ്ങളാണ് നിലവിലുള്ളത്. പ്രത്യേകിച്ച് മൺസൂൺ പോലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തുരുമ്പ് മൂലം ഏറ്റവും കൂടുതൽ വാർഷിക നഷ്ടം നേരിടുന്നത് അടിസ്ഥാന സൗകര്യ മേഖലയാണ് (1.41 ലക്ഷം കോടി രൂപ). തുടർന്ന് വാഹനമേഖല (87,098 കോടി രൂപ), വൈദ്യുതി ഉൽപാദന-വിതരണ മേഖല (53,860 കോടി രൂപ), ടെലികമ്മ്യൂണിക്കേഷൻസ് (38,320 കോടി രൂപ), റെയിൽവേ (23,788 കോടി രൂപ) എന്നീ മേഖലകളും വൻ സാമ്പത്തിക ആഘാതം നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.