ഡിജിറ്റൽ – സൈബർ തട്ടിപ്പുകളിൽനിന്നും എങ്ങനെ സുരക്ഷ ഉറപ്പാക്കാം

ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണം ശക്തമായതോടെ സൈബർ സുരക്ഷയും നിർ‌ണായക വിഷയമായിരിക്കുകയാണ്. എല്ലാ സംരംഭങ്ങളും വിജയിക്കണമെങ്കിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. അവിടെയാണ് ഡിജിറ്റൽ സുരക്ഷയുടെ ആവശ്യവും: ഇന്ത്യയുടെ മൊബൈൽ വോലറ്റ് വിപണി വളരുകയാണ്. ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മൊബൈൽ ഡിവൈസുകളിലൂടെ മാത്രം ദിവസവും നടക്കുന്നത്. പണം നൽകിയാൽ മറ്റു സൈറ്റുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തുന്ന റഷ്യൻ ഗ്രൂപ്പുകൾ വരെയുണ്ട്. ഒരർഥത്തിൽ ഇതൊരു പ്രഫഷൻ തന്നെയായി മാറിയിരിക്കുകയാണ്. സൈബർ സുരക്ഷാ വെല്ലുവിളികൾ ഇനിയും വർധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ സുരക്ഷ നിർണായകമാണ്.

ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ

കോടികളുടെ ഇടപാടുകളാണ് മൊബൈൽ ആപ്പുകളിലൂടെ മാത്രം ദിവസവും നടക്കുന്നത്. തേഡ് പാർട്ടികളുമായി സഹകരിച്ച് നമ്മൾ ഒരു പേമെന്റ് പാർട്ണർഷിപ് ഒരുക്കുമ്പോൾ അവരുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും പഴുതടച്ചതാകണം.

എപിഐ

ഡിജിറ്റലൈസേഷൻ ശക്തമാകുന്നതോടെ പ്രവർത്തനങ്ങളെല്ലാം വേഗത്തിലാക്കുന്നു. ഒട്ടേറെ കമ്പനികൾ അവരുടെ തന്നെ ഉൽപന്നങ്ങൾ കൂടുതലായി പുറത്തിറക്കുന്നു. എപിഐ  (Application Programming Interface) കൂടുതൽ പ്രസക്തമാകുന്നു. വരും ദിവസങ്ങളിൽ എപിഐയുമായി ബന്ധപ്പെട്ട സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടി വരും.ഡിജിറ്റൽ സാമ്പത്തിക മേഖലയിൽ ഏറ്റവും ശക്തമായ സൈബർ ആക്രമണം നേരിടുന്നത് എപിഐ ആണ്. രാജ്യാന്തരതലത്തിൽത്തന്നെ ഇത് മുൻവർഷത്തേക്കാളും നാലിരട്ടിയായാണ് വർധിക്കുന്നത്. എപിഐ ഒരേസമയം മികച്ച അവസരമൊരുക്കുന്നു, ഒപ്പം വെല്ലുവിളിയും. അതിനാൽത്തന്നെ അവയുടെ പഴുതടച്ച സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. 

പാസ്‌വേഡ്

എല്ലാ സാമ്പത്തിക സേവനങ്ങൾക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നതു പോലും മാറ്റേണ്ടതുണ്ട്. ആരെങ്കിലും ആ പാസ്‌വേഡ് ക്രാക്ക് ചെയ്തു കയറിയാൽ ഒന്നല്ല ഒട്ടേറെ സേവനങ്ങളിലാണ് ഒരേ സമയം നഷ്ടമുണ്ടാകുന്നത്. വ്യക്തിഗത വിവര മോഷണത്തിന് നുഴഞ്ഞു കയറുന്ന ധാരാളം സൗജന്യ ആപ്പുകളുണ്ട് എന്നതാണ് വെല്ലുവിളി. സാങ്കേതികപരമായി ജ്ഞാനമില്ലാത്ത ആളുകളെയാണ് ഹാക്കർമാർ ടാർഗറ്റ് ചെയ്യുക.‌ പാസ്‌വേഡുകൾ ക്രാക്ക് ചെയ്തെടുക്കാൻ പല വഴികളുമുണ്ട്. ഊഹിച്ചെടുക്കുന്നതു മുതൽ സങ്കീർണമായ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതു വരെ അതിൽപ്പെടും. ഓർത്തിരിക്കാൻ എളുപ്പമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കേണ്ട സമയമായി.

ഒടിപി

ഒടിപി അധിഷ്ഠിത സേവനങ്ങളിൽ ശ്രദ്ധയില്ലാതെ നൽകുന്ന ഒടിപി പലവിധമുള്ള തട്ടിപ്പുകൾക്കും കാരണമാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ നാം പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ പരിമിതപ്പെടുത്തണം. ഇതുവഴി ഹാക്കർമാർക്ക് നിങ്ങളുടെ അഭിരുചികൾ, പാസ്‌വേഡ് സാധ്യതകൾ തുടങ്ങിയവ ചോർത്തിയെടുക്കാനാകും.

ഇതിനെക്കുറിച്ചെല്ലാം അറിവുള്ളവർ പോലും സൈബർ സുരക്ഷയുടെ കാര്യത്തിൽ അബദ്ധം കാണിക്കുന്നു. സൈബർ സുരക്ഷയിൽ ആരെയും കണ്ണുമടച്ചു വിശ്വസിക്കാതിരിക്കുക എന്നതാണ് അടിസ്ഥാന പ്രമാണം. ഉത്തരവാദിത്തപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുടർച്ചയായ സുരക്ഷാപരിശോധന നടത്തണം. ഓരോ ആഴ്ചയും സെക്യൂരിറ്റി റിവ്യൂ ഉറപ്പാക്കണം.  ‘ജാഗ്രതാ ദിവസ്’ പോലുള്ള പരിപാടികൾ സൈബർ സുരക്ഷാ അവബോധം സൃഷ്ടിക്കാൻ സർക്കാർ ഒരുക്കുന്നുണ്ട്.