ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ പുതിയ ചലനം സൃഷ്ടിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. തന്റെ ഐതിഹാസിക മോഡലായ ടാറ്റ സിയാറയുടെ തിരിച്ചുവരവിലൂടെ, ബ്രാൻഡ് വിപണിയിൽ മറ്റൊരു നേട്ടം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. രാജ്യത്തുടനീളമുള്ള മാസങ്ങളായുള്ള പരീക്ഷണങ്ങൾക്ക് ശേഷം, 2025 നവംബർ 25ന് സിയാറ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.
ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ ടാറ്റ പ്രൊഡക്ഷൻ-റെഡി പതിപ്പ് അവതരിപ്പിച്ചിരുന്നെങ്കിലും, വാഹനത്തിന്റെ ഇന്റീരിയർ അന്ന് പുറത്തുവിട്ടിരുന്നില്ല. എന്നാൽ, അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്ന ചിത്രങ്ങൾ ടാറ്റയുടെ ആദ്യ ത്രി-സ്ക്രീൻ ഡാഷ്ബോർഡ് ലേയൗട്ട് സിയാറയിൽ ഉൾപ്പെടുമെന്ന് സൂചിപ്പിക്കുന്നു.പുതിയ ഇല്ല്യുമിനേറ്റഡ് ലോഗോയുള്ള സ്റ്റിയറിംഗ് വീൽ, ടച്ച്-ബേസ്ഡ് എസി കൺട്രോൾ പാനൽ, പനോരമിക് ഗ്ലാസ് റൂഫ്, 360° ക്യാമറ, വെന്റിലേറ്റഡ് പവർ ഫ്രണ്ട് സീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട് തുടങ്ങിയവയുമായി ഫീച്ചർ സമ്പന്നമായ പ്രീമിയം എസ്യുവി അനുഭവം ടാറ്റ വാഗ്ദാനം ചെയ്യുന്നു.
ആദ്യഘട്ടത്തിൽ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനുള്ള പദ്ധതി ടാറ്റക്ക് ഉണ്ടായിരുന്നുവെങ്കിലും, പുതിയ റിപ്പോർട്ടുകൾ പ്രകാരം ആദ്യം ICE (ഇന്റേണൽ കംബഷൻ എൻജിൻ) മോഡൽ പുറത്തിറങ്ങുമെന്ന് സൂചനകളുണ്ട്. സഫാരിയും ഹാരിയറും പോലെ ഡീസൽ മാത്രം ഓപ്ഷനിൽ നിൽക്കാതെ, പെട്രോൾ, ഡീസൽ വേരിയന്റുകൾ ഉൾപ്പെടുത്തി വിപുലമായ ഉപഭോക്തൃവലയം ലക്ഷ്യമിടുകയാണ് ടാറ്റ സിയാറ.
ഇന്ത്യൻ വിപണിയിൽ നോസ്റ്റാൾജിയയും നൂതനതയും ചേർന്ന ഈ തിരിച്ചുവരവ്, ടാറ്റയെ പ്രീമിയം എസ്യുവി വിഭാഗത്തിൽ ശക്തമായ മത്സരാർത്ഥിയാക്കുമെന്നതിൽ സംശയമില്ല.

