ടാറ്റ നെക്സോൺ ഇവിക്ക് ഭാരത് എൻസിഎപി (ന്യൂകാർ സേഫ്റ്റി അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ. നെക്സോണിന്റെ റേഞ്ച് 45 kWh വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.95 പോയിന്റും ലഭിച്ചു. റേഞ്ച് കുറഞ്ഞ എംആർ മോഡലിന് കഴിഞ്ഞ വർഷം തന്നെ ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ ലഭിച്ചിരുന്നു. ഇതോടെ നെക്സോൺ ഇവി നിരയിലെ എല്ലാ വാഹനങ്ങൾക്കും അഞ്ച് സ്റ്റാർ സുരക്ഷ റേറ്റിങ് ലഭിച്ചു.
നെക്സോൺ ഇവിയുടെ ഉയർന്ന മോഡലായ എംപവേർഡ് പ്ലസ് എൽആർ മോഡലാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോളും ഐഎസ്ഓഎഫ്ഐഎക്സ് ചൈൽഡ് സീറ്റ് അങ്കർ പോയിന്റും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റും 360 ഡിഗ്രി കാമറയും ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റവുമെല്ലാം എംപവേർഡ് പ്ലസ് എൽആർ മോഡലിലുണ്ട്.
ഫ്രണ്ടൽ ഓഫ് സെറ്റ് ബാരിയർ ടെസ്റ്റിൽ 16 ൽ 14.26 പോയിന്റ് നെക്സോണിന് ലഭിച്ചു. ഡ്രൈവിറിന്റേയും കോ–ഡ്രൈവറിന്റേയും തല, കഴുത്ത്, ഇടുപ്പ്, തുടയെല്ല്, കാല് എന്നിവയ്ക്ക് മികച്ച സുരക്ഷയാണ് വാഹനം നൽകുന്നത്. സൈഡ് ബാരിയർ ടെസ്റ്റിൽ 16 ൽ 15.60 പോയിന്റാണ് വാഹനത്തിന് ലഭിച്ചത്. കുട്ടികളുടെ സുരക്ഷ അളക്കുന്നതിനായി 18 മാസം പ്രായമുള്ള കുട്ടിയുടേയും മൂന്ന് വയസ് പ്രായമുള്ള കുട്ടിയുടേയും ഡമ്മുകൾ ഉപയോഗിച്ചു.

